മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
Monday, March 3, 2025 3:06 AM IST
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്നു വത്തിക്കാന്‍. കഴിഞ്ഞ രാത്രിയില്‍ മാര്‍പാപ്പ നന്നായി ഉറങ്ങി.
രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം പത്രവായനയിലേര്പ്പെട്ടു. തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്ര പരോളിന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ആര്‍ച്ച്ബിഷപ് എഡ്ഗാര്‍ പെനാ പാരാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പയ്ക്ക് നിലവില്‍ പനിയോ അണുബാധയുടെ ലക്ഷണങ്ങളോ ഇല്ലെന്നും വത്തിക്കാന്‍ അറിയിച്ചു.
അതേസമയം, ശാരീരിക ബലഹീനതയുടെ നിമിഷങ്ങളില്‍ വിശ്വാസികളുടെ സാമീപ്യത്തിന് കൃതജ്ഞത അര്‍പ്പിച്ച മാര്‍പാപ്പ, ലോകസമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥിച്ചു. ആശുപത്രിയില്‍ വച്ച് മാര്‍പാപ്പ തയാറാക്കിയതും ഇന്നലെ വത്തിക്കാന്‍ പ്രസ് ഓഫീസ് പ്രസിദ്ധീകരിച്ചതുമായ ത്രികാലപ്രാര്‍ഥനാ സന്ദേശത്തിലാണ് വിശ്വാസികള്‍ പ്രകടിപ്പിക്കുന്ന അടുപ്പത്തിന് മാര്‍പാപ്പ നന്ദി പറഞ്ഞത്.
ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും അവരുടെ കരുതലോടെയുള്ള പരിചരണത്തിനും നന്ദി പറഞ്ഞ മാര്‍പാപ്പ, തന്റെ രോഗാവസ്ഥയില്‍ മറഞ്ഞിരിക്കുന്ന കൃപയെക്കുറിച്ചും വിശദീകരിച്ചു. ഇങ്ങനെയുള്ള നിമിഷത്തിലാണ് കര്‍ത്താവില്‍ ആശ്രയിക്കാന്‍ നമ്മള് കൂടുതല്‍ പഠിക്കുന്നത്. ലോകമെങ്ങുമുള്ള വിശ്വാസികളുടെ ഹൃദയത്തിലെ പ്രാര്‍ഥനയെ ആഴത്തില്‍ വിലമതിക്കുന്നതായി പറഞ്ഞ മാര്‍പാപ്പ, അവരുടെ സ്നേഹവും സാമീപ്യവും അനുഭവിക്കാന്‍ സാധിക്കുന്നതായും വ്യക്തമാക്കി. ഈ പ്രത്യേക സമയത്ത് ദൈവജനം തന്നെ താങ്ങിനിര്ത്തുന്നതായും പിന്തുണയ്ക്കുന്നതായും തനിക്ക് അനുഭവപ്പെടുന്നതായും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.