ഹമാസിനു ട്രംപിന്റെ അന്ത്യശാസനം; ബന്ദികളെ മോചിപ്പിക്കുക, അല്ലെങ്കിൽ നരകം
Friday, March 7, 2025 12:39 AM IST
വാഷിംഗ്ടൺ ഡിസി: ഇസ്രേലി ബന്ദികളെ മോചിപ്പിക്കാൻ ഗാസയിലെ ഹമാസ് ഭീകരർക്ക് അന്ത്യശാസനം നല്കി യുഎസ് പ്രസിഡന്റ് ട്രംപ്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ ജനത മുഴുവൻ മരിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
“ഇസ്രയേലിന് ആവശ്യമായതെല്ലാം ഞാൻ നല്കും. ഞാൻ പറയുന്നതുപോലെ കേട്ടില്ലെങ്കിൽ ഒറ്റ ഹമാസ് നേതാവിനും രക്ഷയുണ്ടാകില്ല”- അടുത്തിടെ മോചിതരായ ഇസ്രേലി ബന്ദികളുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയശേഷമാണു ട്രംപ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്.
“ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ നരകമായിരിക്കും ഹമാസ് അനുഭവിക്കേണ്ടിവരുക. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുക. നിങ്ങൾ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ കൈമാറുക. അല്ലെങ്കിൽ നിങ്ങളുടെ കാര്യം തീർന്നു. ഹമാസ് നേതാക്കൾക്ക് ഇപ്പോൾ ഗാസയിൽനിന്നു രക്ഷപ്പെടാനുള്ള അവസരമുണ്ട്.
ഗാസയിലെ ജനങ്ങളേ, ശോഭനമായ ഭാവി നിങ്ങളെ കാത്തിരിക്കുന്നു. പക്ഷേ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ നിങ്ങളെല്ലാം മരിക്കും”- ട്രംപ് കൂട്ടിച്ചേർത്തു. വെടിനിർത്തൽ ലംഘിക്കാൻ ഇസ്രയേലിനെ ട്രംപ് പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹമാസ് ഇതിനോട് പ്രതികരിച്ചു.
ഇതിനിടെ, അമേരിക്കൻ നേതൃത്വം ഹമാസുമായി നേരിട്ടു ചർച്ചയാരംഭിച്ചുവെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് അറിയിച്ചു. ഹമാസ്-അമേരിക്കൻ പ്രതിനിധികൾ തമ്മിൽ രണ്ടു കൂടിക്കാഴ്ചകൾ നടന്നു.