നോന്പുകാലം മറ്റുള്ളവരെ പരിഗണിക്കാനുള്ള അവസരം: മാർപാപ്പ
Sunday, March 2, 2025 2:05 AM IST
വത്തിക്കാൻ സിറ്റി: മറ്റുള്ളവരെ പരിഗണിക്കാനുള്ള അവസരമാണ് നോമ്പുകാലമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഒരുവന്റെ ജീവിതത്തെ ഒരു കുടിയേറ്റക്കാരനുമായോ വിദേശിയുമായോ താരതമ്യം ചെയ്യുക. അവരുടെ അനുഭവങ്ങളിൽ സഹതപിക്കുന്നത് എങ്ങനെയെന്ന് പഠിക്കുക.
അങ്ങനെ ദൈവം നമ്മോട് എന്താണ് ആവശ്യപ്പെടുന്നതെന്ന് കണ്ടെത്തുക. അങ്ങനെ നമുക്ക് പിതാവിന്റെ ഭവനത്തിലേക്കുള്ള യാത്രയിൽ കൂടുതൽ മെച്ചമായി മുന്നേറാം- മാർപാപ്പ പറയുന്നു. വലിയനോന്പിലേക്കായി കഴിഞ്ഞ മാസം ആറിനു മാർപാപ്പ തയാറാക്കിയ നോന്പുകാല സന്ദേശം കഴിഞ്ഞ 25നാണ് വത്തിക്കാൻ പുറത്തുവിട്ടത്.
സ്വയം പുകഴ്ത്തലും മറ്റുള്ളവരെ അടിച്ചമർത്തലും അസൂയയും കാപട്യവും ഒഴിവാക്കി മറ്റുള്ളവരുമായി യാത്ര ചെയ്തുകൊണ്ട് കൂടുതൽ സിനഡൽ ആയിരിക്കാൻ മാർപാപ്പ കത്തോലിക്കരോട് ആഹ്വാനം ചെയ്തു. “നമുക്കെല്ലാവർക്കും ഒരേ ദിശയിൽ നടക്കാം, ഒരേ ലക്ഷ്യത്തിലേക്കു നീങ്ങാം, സ്നേഹത്തിലും ക്ഷമയിലും പരസ്പരം വളരാം”- മാർപാപ്പ ഉദ്ബോധിപ്പിച്ചു.
ജൂബിലിയുടെ കേന്ദ്രസന്ദേശമായ പ്രതീക്ഷ, ഈസ്റ്റർ വിജയത്തിലേക്കുള്ള നമ്മുടെ നോമ്പുകാല യാത്രയുടെ ശ്രദ്ധാകേന്ദ്രമായിരിക്കട്ടെയെന്ന് മാർപാപ്പ ആശംസിച്ചു.
പരിവർത്തനത്തിലേക്കുള്ള ആദ്യപടി നമ്മളെല്ലാവരും ഈ ലോകജീവിതത്തിൽ തീർഥാടകരാണെന്ന തിരിച്ചറിവിൽനിന്നാണ്. നമ്മുടെ ജീവിതം ഈ വസ്തുതയെ എങ്ങനെ പ്രതിഫലിപ്പിക്കുന്നുവെന്ന് സ്വയം ചോദിക്കാൻ നിങ്ങളെ ഓരോരുത്തരെയും ഞാൻ ക്ഷണിക്കുന്നു.
ഞാൻ ശരിക്കും ഒരു യാത്രയിലാണോ, അതോ ഞാൻ നിശ്ചലമായി നിൽക്കുകയാണോ? ഭയവും നിരാശയും മൂലം ചലനം നഷ്ടപ്പെട്ടവരെപ്പോലെയാണോ? അല്ലെങ്കിൽ കംഫർട്ട് സോണിൽനിന്നു മാറാൻ വിമുഖത കാണിക്കുന്നുണ്ടോ? പാപത്തിന്റെ അവസരങ്ങളും മനുഷ്യഅന്തസിനെ താഴ്ത്തുന്ന സാഹചര്യങ്ങളും ഉപേക്ഷിക്കാനുള്ള വഴികൾ ഞാൻ അന്വേഷിക്കുന്നുണ്ടോ?- സന്ദേശത്തിൽ മാർപാപ്പ ചോദിക്കുന്നു.
ദൈവത്തിലും നിത്യജീവിതത്തിലും പ്രത്യാശിക്കാനും ആശ്രയിക്കാനുമുള്ള ആഹ്വാനവും നോമ്പുകാല പരിവർത്തനത്തിന്റെ പ്രധാന വശമാണെന്ന് മാർപാപ്പ പറഞ്ഞു.
ആത്മശോധന ചെയ്യേണ്ട ചില ചോദ്യങ്ങളും മാർപാപ്പ നൽകുന്നുണ്ട്. കർത്താവ് എന്റെ പാപങ്ങൾ ക്ഷമിക്കുന്നുവെന്ന് എനിക്ക് ബോധ്യമുണ്ടോ? അതോ എനിക്ക് എന്നെത്തന്നെ രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? ഞാൻ രക്ഷയ്ക്കായി കാംക്ഷിക്കുകയും അതു നേടുന്നതിന് ദൈവത്തിന്റെ സഹായം തേടുകയും ചെയ്യുന്നുണ്ടോ?
ചരിത്രത്തിലെ സംഭവങ്ങളെ വ്യാഖ്യാനിക്കാനും നീതിയോടും സാഹോദര്യത്തോടുമുള്ള പ്രതിബദ്ധത എന്നിൽ പ്രചോദിപ്പിക്കാനും നമ്മുടെ പൊതുഭവനത്തെ പരിപാലിക്കാനും ആരും ഒഴിവാക്കപ്പെട്ടതായി തോന്നാത്തവിധത്തിൽ എന്നെ പ്രചോദിപ്പിക്കാനും കഴിയുന്ന പ്രത്യാശ ഞാൻ വ്യക്തമായി അനുഭവിച്ചറിയുന്നുണ്ടോ?”
നമ്മുടെ ജീവിതത്തിൽ, നമ്മുടെ കുടുംബങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, സമയം ചെലവഴിക്കുന്ന ഇടങ്ങളിൽ മറ്റുള്ളവരുമായി ഒരുമിച്ചു നടക്കാനും അവരെ ശ്രദ്ധിക്കാനും സ്വയം പങ്കുവയ്ക്കാനും സ്വന്തം ആവശ്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കാനുമുള്ള പ്രലോഭനത്തെ ചെറുക്കാനും നമുക്ക് കഴിയുമോ എന്നു പരിശോധിക്കാൻ ഈ നോമ്പുകാലം നമ്മോട് ആവശ്യപ്പെടുന്നുവെന്നും മാർപാപ്പ നോന്പുകാല സന്ദേശത്തിൽ പറയുന്നു.