ഹാക്ക്മാന്റെയും ഭാര്യയുടെയും മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം
Friday, February 28, 2025 10:24 PM IST
സാൻ ഫ്രാൻസിസ്കോ: ഹോളിവുഡ് നടൻ ജീൻ ഹാക്മാന്റെയും (95) പിയാനിസ്റ്റായ ഭാര്യ ബെറ്റ്സി അരക്കാവയുടെയും (65) മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് ഇരുവരെയും സാന്താ ഫേ നഗരത്തിലെ വസതിയിൽ മരിച്ച നിലയിൽ അമേരിക്കൻ പോലീസ് കണ്ടെത്തുകയായിരുന്നു. മരണകാരണം ഇതുവരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
ദന്പതികളുടെ വീട്ടിൽ പതിവായി അറ്റകുറ്റപ്പണികൾ നിർവഹിച്ചിരുന്ന രണ്ടു പേരാണു മൃതദേഹങ്ങൾ ആദ്യമായി കണ്ടത്. ഇവർ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനു മുന്പ് ദന്പതികളുമായി ബന്ധപ്പെട്ടതു രണ്ടാഴ്ച മുന്പാണെന്ന് ഇവർ പോലീസിനെ അറിയിച്ചു. അതിനാൽ മരിച്ചിട്ട് രണ്ടാഴ്ചവരെ ആയിരിക്കാം എന്നാണു പോലീസ് നിഗമനം. മൃതദേഹങ്ങൾ അഴുകാൻ തുടങ്ങിയ നിലയിലായിരുന്നു.
ഹാക്മാന്റെ ശരീരം അടുക്കളയ്ക്കടുത്തുള്ള മുറിയിലായിരുന്നു. സമീപത്ത് ഗുളികൾ ചിതറിക്കിടന്നിരുന്നു. പെട്ടെന്നു കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് നിഗമനം. ബെറ്റ്സിയുടെ മൃതദേഹം ബാത്ത്റൂമിലായിരുന്നു. ഇവരുടെ ഒരു നായയുടെ ജഡവും വീട്ടിനുള്ളിൽ കണ്ടെത്തി.
വിഷവാതകം ശ്വസിച്ചായിരിക്കാം മരണമെന്നു സംശയമുണ്ട്. എന്നാൽ ഇതുസംബന്ധിച്ച തെളിവുകൾ കണ്ടെത്താനായിട്ടില്ല. വീടിന്റെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. അതേസമയം, വീട്ടിൽനിന്ന് ഒന്നും മോഷണം പോയിട്ടില്ല. പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.