ബ്രിട്ടനും ഫ്രാൻസും ചേർന്ന് വെടിനിർത്തൽ പദ്ധതിയുണ്ടാക്കും
Monday, March 3, 2025 3:06 AM IST
ലണ്ടൻ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ബ്രിട്ടനും ഫ്രാൻസും പദ്ധതിയുണ്ടാക്കും. യുക്രെയ്നുമായി ആലോചിച്ചായിരിക്കും ഇത്. തുടർന്ന് യുഎസ് പ്രസിഡന്റ് ട്രംപിനു മുന്നിൽ പദ്ധതി അവതരിപ്പിക്കും. ലണ്ടനിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറാണ് ഇക്കാര്യം അറിയിച്ചത്.
വെടിനിർത്തൽ പദ്ധതിക്ക് അമേരിക്കയുടെ സുരക്ഷാ ഉറപ്പുകൾ നിർബന്ധമാണെന്ന് സ്റ്റാർമർ വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും യുക്രെയ്നെ ആക്രമിക്കാതിരിക്കാൻ ഇതാവശ്യമാണ്. യുക്രെയ്നെ സഹായിക്കാൻ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുക്രെയ്ൻ വിഷയം ചർച്ച ചെയ്യാനായി സ്റ്റാർമർ ഇന്നലെ ലണ്ടനിൽ യൂറോപ്യൻ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടി. യുക്രെയ്ൻ, ഫ്രാൻസ്, ജർമനി, ഡെൻമാർക്ക്, ഇറ്റലി, നെതർലൻഡ്സ്, നോർവേ, പോളണ്ട്, സ്പെയിൻ, സ്വീഡൻ, ചെക്ക്റിപ്പബ്ലിക്, റൊമാനിയ, കാനഡ, യൂറോപ്യൻ യൂണിയൻ നേതാക്കളും തുർക്കി വിദേശകാര്യമന്ത്രിയും യോഗത്തിൽ പങ്കെടുത്തു.