ദക്ഷിണകൊറിയൻ യുദ്ധവിമാനങ്ങൾ ജനവാസ മേഖലയിൽ ബോംബിട്ടു
Friday, March 7, 2025 12:39 AM IST
സീയൂൾ: ദക്ഷിണകൊറിയൻ വ്യോമസേനാ വിമാനങ്ങൾ അഭ്യാസത്തിലേർപ്പെട്ടിരിക്കേ അബദ്ധത്തിൽ ബോംബുകൾ ജനവാസ കേന്ദ്രത്തിൽ പതിച്ച് 15 പേർക്കു പരിക്കേറ്റു. ഒരു പള്ളിയും ഒട്ടേറെ വീടുകളും തകർന്നു. പരിക്കേറ്റതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
ഉത്തരകൊറിയൻ അതിർത്തിയോടു ചേർന്ന പോച്ചിയോണിൽ പതിവ് അഭ്യാസത്തിനിടെ ആയിരുന്നു സംഭവം. രണ്ടു യുദ്ധവിമാനങ്ങളിൽനിന്ന് 225 കിലോ ഗ്രാം വീതമുള്ള എട്ടു ബോംബുകളാണു ജനവാസകേന്ദ്രങ്ങളിൽ പതിച്ചത്.
യുദ്ധവിമാനങ്ങളിൽനിന്നു ബോംബ് പ്രയോഗിക്കുന്നത് പരിശീലിക്കുന്നതിനിടെ ഒരു പൈലറ്റ് വിവരം രേഖപ്പെടുത്തുന്നതിൽ അശ്രദ്ധ കാട്ടിയതാണു കാരണമെന്നു പറയുന്നു. ബോംബുകൾ പതിക്കേണ്ട സ്ഥലത്തിന്റെ വിവരങ്ങൾ പൈലറ്റ് തെറ്റായി രേഖപ്പെടുത്തിയത്രേ.
സംഭവത്തിൽ ജനങ്ങളോടു മാപ്പു ചോദിച്ച വ്യോമസേന, നഷ്ടപരിഹാരം നല്കുമെന്നു വ്യക്തമാക്കി. അതേസമയം, ഈ പ്രദേശത്ത് വർഷങ്ങളായി വ്യോമാഭ്യാസങ്ങൾ നടക്കുന്നതിൽ ജനങ്ങക്കു വലിയ എതിർപ്പുണ്ട്.
തിങ്കളാഴ്ച ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി സൈനികാഭ്യാസം ആരംഭിക്കാൻ പോവുകയാണ്. ഇന്നലത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള അഭ്യാസത്തിൽ മാറ്റമുണ്ടാകില്ലെന്നു കൊറിയൻ വൃത്തങ്ങൾ വ്യക്തമാക്കി.