രോഗാവസ്ഥയിലും മാർപാപ്പ കർമനിരതൻ
Friday, March 7, 2025 2:33 AM IST
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിൽ തുടരുന്ന ഫ്രാന്‍സിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ കാര്യമായ വ്യതിയാനങ്ങളില്ലെന്നു വത്തിക്കാൻ. ഇന്നലെ രാവിലെ പ്രഭാതഭക്ഷണത്തിനും പത്രവായനയ്ക്കുംശേഷം രണ്ടു ബിഷപ്പുമാരുടെ നിയമന ഉത്തരവിൽ ഒപ്പുവച്ചു.
വെനസ്വേലയിലെ കുമാന ആർച്ച്ബിഷപ്പായി ബിഷപ് ഏഞ്ചൽ ഫ്രാൻസിസ്കോ കരാബല്ലോ ഫെർമിനെയും സ്പെയിനിലെ ആൽബാസെറ്റ് രൂപതയുടെ ബിഷപ്പായി ഏഞ്ചൽ റോമാൻ ഇഡിഗൊറാസിനെയും നിയമിക്കുന്ന ഉത്തരവിലുമാണ് ഒപ്പുവച്ചത്.
ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും പൊടുന്നനെ വഷളാകുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ ജെമെല്ലി ആശുപത്രിയിലെ സ്വകാര്യ ചാപ്പലിൽ മാർപാപ്പ വിഭൂതി തിരുക്കർമങ്ങളിൽ പങ്കെടുത്തുവെന്നും കാർമികൻ മാർപാപ്പയുടെ ശിരസില്‍ ചാരം പൂശിയെന്നും പിന്നീട് വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
ഉച്ചകഴിഞ്ഞ് ഗാസയിലെ തിരുക്കുടുംബ ദേവാലയ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലിയെയുമായി ഫോണില്‍ സംസാരിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു.