സീക്രട്ട് സർവീസ് അംഗത്വം; കാൻസറിനോട് പോരാടുന്ന ബാലന് ട്രംപിന്റെ സമ്മാനം
Thursday, March 6, 2025 12:18 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാചുമതയുള്ള സീക്രട്ട് സർവീസ് വകുപ്പിൽ പതിമൂന്നുകാരനു നിയമനം.
കാൻസറിനോടു പോരാടുന്ന ടെക്സസ് സ്വദേശി ഡി.ജെ. ഡാനിയേൽസിനു പ്രസിഡന്റ് ട്രംപ് ഓണററി അംഗത്വം സമ്മാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ട്രംപ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
ഏഴു വർഷം മുന്പാണ് ഡാനിയേൽസിന് ബ്രെയിൻ കാൻസർ സ്ഥിരീകരിച്ചത്. പോലീസുകാരൻ ആകണമെന്നതാണു ഡാനിയേൽസിന്റെ സ്വപ്നം. നിലവിൽ ഒട്ടേറെ പോലീസ് വകുപ്പുകളിൽ ബാലന് ഓണററി അംഗത്വം ലഭിച്ചിട്ടുണ്ട്.
ബാലന് അഞ്ചു മാസത്തെ ആയുസാണ് ഡോക്ടർമാർ വിധിച്ചിരുന്നതെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഭരണപക്ഷ റിപ്പബ്ലിക്കന്മാരും പ്രതിപക്ഷ ഡെമോക്രാറ്റുകളും കൈയടിയോടെയാണ് ട്രംപിന്റെ തീരുമാനത്തെ സ്വീകരിച്ചത്.
ഡാനിയേൽസും പിതാവും ഈ സമയം ഗാലറിയിൽ പ്രസംഗം കേൾക്കുന്നുണ്ടായിരുന്നു. ഹൂസ്റ്റൺ പോലീസ് വകുപ്പിന്റെ യൂണിഫോമിലാണു ഡാനിയേൽസ് എത്തിയത്.
ട്രംപിന്റെ വാക്കുകൾക്കു പിന്നാലെ ഡാനിയേൽസിനെ പിതാവ് എടുത്തുയർത്തി. ഈ സമയം സീക്രട്ട് സർവീസ് വകുപ്പിന്റെ മേധാവി ഷോൺ കുറാൻ ബാലന്റെ അടുത്തെത്തി സീക്രട്ട് സർവീസിന്റെ ബാഡ്ജ് കൈമാറി കുട്ടിക്ക് അംഗത്വം നല്കുകയായിരുന്നു.