പാക് സൈനിക താവളത്തിൽ ഭീകരാക്രമണം; 13 പേർ കൊല്ലപ്പെട്ടു
Thursday, March 6, 2025 12:18 AM IST
പെഷവാർ: പാക്കിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇതിൽ ആറു കുട്ടികളും അഞ്ചു സൈനികരും ഉൾപ്പെടുന്നു. നാലു ചാവേറുകളടക്കം 16 തീവ്രവാദികളും സംഭവത്തിൽ കൊല്ലപ്പെട്ടു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ബന്നു കന്റോൺമെന്റിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. സമീപത്തുള്ള മോസ്കിൽ നോന്പുതുറ നടക്കുന്നതിനിടെ ഭീകരർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങളുപയോഗിച്ച് സൈനിക താവളത്തിന്റെ മതിൽ തകർത്തു.
അതിശക്തമായ സ്ഫോടനത്തിൽ മോസ്കിന്റെ മേൽക്കൂരയും തകർന്നു. താവളത്തിൽ കടന്ന ഭീകകർ സൈനികരുമായി ഏറ്റുമുട്ടൽ നടത്തുകയായിരുന്നു. 30 പേർക്കു പരിക്കേറ്റതായി പ്രദേശത്തെ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തെഹ്രിക് ഇ താലിബാനുമായി (പാക് താലിബാൻ) ബന്ധമുള്ള ജയ്ഷ് അൽ ഫുർസാൻ എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു.