അമേരിക്കയുടെ സുവർണകാലം തിരിച്ചുവന്നു; കോൺഗ്രസിനോട് ട്രംപ്
Thursday, March 6, 2025 12:18 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സുവർണകാലം തിരിച്ചുവന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, അനധികൃത കുടിയേക്കാരോടു വിട്ടുവീഴ്ചയില്ലെന്നും സാന്പത്തികമേഖല ഉടച്ചുവാർക്കുമെന്നും പ്രഖ്യാപിച്ചു.
നൂറു മിനിട്ടിനു മുകളിൽ നീണ്ട പ്രസംഗത്തിൽ അമേരിക്കയുടെ ആഭ്യന്തരകാര്യങ്ങളാണ് ട്രംപ് കൂടുതലായും പരാമർശിച്ചത്. ജനുവരി 20ന് അധികാരത്തിലേറിയ ശേഷം അനധികൃത കുടിയേറ്റക്കാർക്കെതിരേ സ്വീകരിച്ചുവരുന്ന നടപടികൾ അദ്ദേഹം വിശദീകരിച്ചു.
ശതകോടീശ്വരൻ ഇലോൺ മസ്ക് നേതൃത്വം നല്കുന്ന ചെലവുചുരുക്കൽ വകുപ്പ് ശതകോടിക്കണക്കിനു ഡോളറിന്റെ തട്ടിപ്പുകൾ കണ്ടെത്തിയതായി അദ്ദേഹം ആരോപിച്ചു.
ലിംഗമാറ്റം നിയമവിരുദ്ധമാക്കുന്ന ബിൽ കോൺഗ്രസ് പാസാക്കണം. ഭിന്നലിംഗക്കാർക്കു പട്ടാളസേവനം നിഷേധിച്ച തീരുമാനം ശരിയായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
ലോകത്തെ മുഴുവൻ സ്വാധീനിക്കുന്ന അമേരിക്കൻ വിദേശനയത്തെക്കുറിച്ച് പ്രസംഗത്തിൽ ട്രംപ് വിശദീകരിക്കുമെന്നു പ്രതീക്ഷിച്ചെരുന്നെങ്കിലും ഏതാനും മിനിറ്റ് മാത്രമാണ് അദ്ദേഹം ഇതിനായി നീക്കിവച്ചത്. റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന്റെ പ്രസിഡന്റ് സെലൻസ്കി സമാധാനചർച്ചകൾക്കു സന്നദ്ധത അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കും. അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ ബന്ധം മെച്ചപ്പെടുത്തിയ ഏബ്രഹാം ഉടന്പടി വ്യാപിപ്പിക്കും. പാനമ കനാലിന്റെ നിയന്ത്രണം അമേരിക്ക തിരിച്ചുപിടിക്കുകയാണ്. ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു ചേർക്കും.
പകരത്തിനു പകരം ചുങ്കം ചുമത്തുന്നത് തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഏപ്രിൽ രണ്ടിനു കൂടുതൽ ചുങ്കപ്രഖ്യാപനങ്ങളുണ്ടാകും. ഇന്ത്യ പോലുള്ള ചില രാജ്യങ്ങൾ അമേരിക്കയിൽനിന്നുള്ള ചില ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നൂറു ശതമാനത്തിലധികം നികുതിയാണു ചുമത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിഷേധം, ഇറങ്ങിപ്പോക്ക്
ട്രംപിന്റെ പ്രസംഗം തീരാറായപ്പോൾ പ്രതിപക്ഷ ഡെമോക്രാറ്റുകളിൽ പാതിയും കോൺഗ്രസിൽനിന്ന് ഇറങ്ങിപ്പോയി. പ്രസംഗസമയത്ത് ഇരിക്കാൻ കൂട്ടാക്കാതിരുന്ന ഡെമോക്രാറ്റിക് ജനപ്രതിനിധി സഭാംഗം അൽ ഗ്രീനെ സ്പീക്കർ മൈക്ക് ജോൺസൻ സഭയിൽനിന്നു പുറത്താക്കി.
റിക്കാർഡ്
ഒരു മണിക്കൂർ നാല്പതു മിനിട്ടിലധികം നീണ്ടതായിരുന്നു ട്രംപിന്റെ പ്രസംഗം. ആധുനിക അമേരിക്കയുടെ ചരിത്രത്തിൽ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഒരു പ്രസിഡന്റ് നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമാണിത്. 2000ൽ ബിൽ ക്ലിന്റൺ ഒരു മണിക്കൂർ 28 മിനിറ്റ് പ്രസംഗിച്ചിരുന്നു.