20 ലക്ഷം ശിശുക്കളുടെ ജീവൻ രക്ഷിച്ച രക്തദാതാവ് ജയിംസ് ഹാരിസൺ അന്തരിച്ചു
Tuesday, March 4, 2025 3:38 AM IST
സിഡ്നി: പ്രമുഖ രക്തദാതാവ് ജയിംസ് ഹാരിസൺ (88) ഓസ്ട്രേലിയയിൽ അന്തരിച്ചു. അത്യപൂർവ ‘ആന്റി-ഡി’ എന്ന ആന്റിബോഡിയാൽ സന്പന്നമായിരുന്ന ഇദ്ദേഹത്തിന്റെ രക്തം 20 ലക്ഷത്തിലധികം ശിശുക്കളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വേൽസ് സംസ്ഥാനത്തെ നഴ്സിംഗ് ഹോമിൽ ഉറക്കത്തിനിടെയായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു.
മാതാവിന്റെ രക്തം ഗർഭസ്ഥശിശുവിനെ ആക്രമിക്കുന്ന ‘എച്ച്ഡിഎഫ്എൻ’ രോഗാവസ്ഥയ്ക്കുള്ള മരുന്ന് ഉത്പാദിപ്പിക്കാനാണ് ‘ആന്റി-ഡി’ ഉപയോഗിക്കുന്നത്. മാതാവിന്റെ അരുണരക്താണുക്കൾ ശിശുവിന്റെ അരുണരക്താണുക്കളുമായി പൊരുത്തപ്പെടാതെ വരുന്പോഴാണ് എച്ച്ഡിഎഫ്എൻ ഉണ്ടാകുന്നത്.
അമ്മയുടെ ശരീരത്തിലെ പ്രതിരോധവ്യവസ്ഥ കുഞ്ഞിന്റെ രക്തകോശങ്ങളെ ശത്രുവായി കണ്ട് അതിനെ ആക്രമിക്കാനുള്ള ആന്റിബോഡികൾ ഉത്പാദിപ്പിച്ചു തുടങ്ങും. ഇതു മൂലം കുഞ്ഞിന് വിളർച്ചയോ ഹൃദയസ്തംഭനമോ മരണമോ സംഭവിക്കാം. 1960കളിൽ ആന്റി-ഡി ചികിത്സ പ്രയോഗത്തിൽ വരുന്നതിനു മുന്പ് എച്ച്ഡിഎഫ്എൻ സ്ഥിരീകരിക്കപ്പെടുന്ന രണ്ടു ശിശുക്കളിൽ ഒരാൾ മരിക്കുമായിരുന്നു.
ജയിംസ് ഹാരിസൺ 14-ാം വയസിൽ മേജർ ശസ്ത്രക്രിയയ്ക്കു വിധേയനായതോടെയാണ് രക്തം ദാനം ചെയ്യാൻ തീരുമാനമെടുത്തത്. 18-ാം വയസിൽ ആരംഭിച്ച രക്തദാനം 81 വയസു വരെ തുടർന്നു. വളരെക്കുറച്ചു പേരിലേ ‘ആന്റി-ഡി’ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളൂ. ഓസ്ട്രേലിയയിൽ നിലവിൽ ഇരുന്നൂറിൽ താഴെ ദാതാക്കളേയൂള്ളൂ.