സെലൻസ്കിയെ ട്രംപ് വൈറ്റ്ഹൗസിൽനിന്ന് ഇറക്കിവിട്ടു
Sunday, March 2, 2025 2:05 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും തമ്മിൽ വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ച അലസിപ്പിരിഞ്ഞു. വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ ലോകമാധ്യമങ്ങൾക്കു മുന്നിൽ നടന്ന കൂടിക്കാഴ്ചയിൽ ചൂടേറിയ വാഗ്വാദങ്ങളും ആക്രോശങ്ങളും ഉയർന്നു.
സെലൻസ്കിയെ പരസ്യമായി വിവസ്ത്രനാക്കുന്നതിനു തുല്യമായ സമീപനമാണ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്വീകരിച്ചത്. സെലൻസ്കി ധിക്കാരിയാണ്, നന്ദി കാട്ടുന്നില്ല, വെടിനിർത്തൽ ആഗ്രഹിക്കുന്നില്ല, മൂന്നാം ലോകമഹായുദ്ധം വച്ച് ചൂതാടുകയാണ് തുടങ്ങിയ ആരോപണങ്ങൾ ട്രംപ് ഉന്നയിച്ചു. ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ സെലൻസ്കിയോട് സ്ഥലംവിടാൻ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെക്കൊണ്ട് ട്രംപ് പറയിച്ചുവെന്നും റിപ്പോർട്ടുണ്ട്.
പ്രതീക്ഷിച്ചതുപോലെ യുക്രെയ്നിലെ ധാതുവിഭവങ്ങൾ പങ്കുവയ്ക്കുന്ന കരാർ കൂടിക്കാഴ്ചയിൽ ഒപ്പുവയ്ക്കപ്പെട്ടില്ല. റഷ്യൻ അധിനിവേശം നേടിരുന്ന യുക്രെയ്ന്റെ നില കൂടുതൽ പരുങ്ങലിലാക്കുന്ന സംഭവവികാസങ്ങളാണ് ഓവൽ ഓഫീസിൽ അരങ്ങേറിയത്. അമേരിക്കയിൽനിന്ന് സുരക്ഷാ ഉറപ്പുകൾ നേടിയെടുക്കാനുള്ള സാധ്യതകൾ യുക്രെയ്നു മുന്നിൽ അടഞ്ഞതായി വിലയിരുത്തപ്പെടുന്നു.
നന്ദിയില്ലാത്തവൻ
ട്രംപും സെലൻസ്കിയും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ടാണ് ചർച്ച മുന്നോട്ടു പോയത്. അവസാനത്തെ പത്തു മിനിട്ടിലാണ് രംഗം വഷളായത്.
രാഷ്ട്രനേതാക്കളുടെ ചർച്ചയിൽ കാണുന്ന മര്യാദപ്രകടനങ്ങൾക്കു പകരം, ടിവി ചർച്ചകളിലെ തമ്മിൽത്തല്ലിനെ ഓർമിപ്പിക്കുന്ന രംഗങ്ങളാണ് അരങ്ങേറിയത്. ‘കാര്യങ്ങൾ ഞങ്ങൾ തീരുമാനിക്കാം, അനുസരിച്ചാൽ മതി’ എന്ന നിലയിലായിരുന്നു ട്രംപിന്റെ സംസാരവും ശരീരഭാഷയും.
നയതന്ത്രത്തിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആവശ്യപ്പെട്ടതിനെ സെലൻസ്കി ചോദ്യം ചെയ്തതോടെയാണ് ചൂടേറിയ വാഗ്വാദങ്ങൾ ആരംഭിച്ചത്.
കൊലപാതകിയായ റഷ്യൻ പ്രസിഡന്റ് പുടിനോടുള്ള മൃദുസമീപനം ട്രംപ് അവസാനിപ്പിക്കണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. യുക്രെയ്ന്റെ സുരക്ഷയ്ക്ക് കൂടുതൽ ഉറപ്പുകൾ വേണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. അമേരിക്കയുടെ സഹായങ്ങൾക്ക് സെലൻസ്കി നന്ദി പറയാൻ തയാറല്ലെന്ന് ട്രംപും വാൻസും ആരോപിച്ചു.
സെലൻസ്കി അപമര്യാദ കാട്ടുകയാണ്. സെലൻസ്കിക്ക് വെടിനിർത്തലിൽ താത്പര്യമില്ല. സെലൻസ്കിയുടെ രാജ്യം വലിയ അപകടം നേരിടുകയാണ്. യുക്രെയ്ൻ വിജയിക്കുന്നില്ല.
അമേരിക്ക ഇല്ലായിരുന്നെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ യുക്രെയ്ൻ യുദ്ധം അവസാനിക്കുമായിരുന്നു. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് യുക്രെയ്നു ധനസഹായം നല്കി യുദ്ധം നീളാൻ ഇടയാക്കിയത്.
യുദ്ധം അവസാനിപ്പിക്കാൻ താത്പര്യമുണ്ടെന്ന് സെലൻസ്കി മറുപടി പറഞ്ഞുതുടങ്ങിയപ്പോൾ ട്രംപ് വീണ്ടും ഇടപെട്ടു. സെലൻസ്കിക്കു വെടിനിർത്തലിൽ താത്പര്യമില്ലെന്ന് ട്രംപ് ആവർത്തിച്ചു. നന്ദി പറയുക മാത്രമാണ് സെലൻസ്കി ചെയ്യേണ്ടതെന്ന് വാൻസും ആവശ്യപ്പെട്ടു. സെലൻസ്കിയുമായുള്ള ചർച്ച നല്ലൊരു ടെലിവിഷൻ പരിപാടിയായെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഓവൽ ഓഫീസിലെ ചർച്ചയ്ക്കു ശേഷം സെലൻകി വൈറ്റ്ഹൗസിൽനിന്നു പോകണമെന്നാവശ്യപ്പെടാൻ ട്രംപ് രണ്ട് ഉദ്യോഗസ്ഥർക്കു നിർദേശം നല്കിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ സെലൻസ്കിക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും ഉച്ചഭക്ഷണം വിളന്പാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ആയിരുന്നിത്. ചർച്ചയ്ക്കു പിന്നാലെ സെലൻസ്കി വൈറ്റ്ഹൗസിൽനിന്നിറങ്ങി കാറിൽ കയറി പോകുകയായിരുന്നു.
യുക്രെയ്നും അമേരിക്കയും തമ്മിലുള്ള ധാതുവിഭവ കരാറിന്റെ കാര്യവും ഇതോടെ അവതാളത്തിലായി. യുക്രെയ്ന്റെ വിഭവങ്ങൾ പങ്കുവയ്ക്കാനുളള കരാറിലൂടെ ട്രംപിന്റെ റഷ്യാ അനുകൂല നിലപാടിൽ മാറ്റം വരുത്താനാകുമെന്ന് യുക്രെയ്ൻ സംഘം പ്രതീക്ഷിച്ചിരുന്നു. കരാർ വീണ്ടും പരിഗണിക്കുന്നതിൽ ട്രംപിനു താത്പര്യമില്ലെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
സമാധാനം ആഗ്രഹിക്കുന്പോൾ സെലൻസ്കിക്കു മടങ്ങിവരാം: ട്രംപ്
സമാധാനത്തിനു തയാറാണെന്നു തോന്നുന്പോൾ സെലൻസ്കിക്ക് ചർച്ചയ്ക്കായി മടങ്ങിവരാമെന്ന് ട്രംപ് പിന്നീട് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. അമേരിക്കയുടെ ഇടപെടലിലൂടെ സമാധാനം ഉണ്ടാക്കാൻ സെലൻസ്കി ആഗ്രഹിക്കുന്നില്ലെന്നാണ് വെള്ളിയാഴ്ചത്തെ ചർച്ചയിൽ വ്യക്തമായത്.
അമേരിക്കയുടെ ഇടപെടലിനെ യുക്രെയ്നു ലഭിക്കുന്ന മുൻതൂക്കമായിട്ടാണ് അദ്ദേഹം പരിഗണിച്ചത്. ഓവൽ ഓഫീസിൽവച്ച് സെലൻസ്കി അമേരിക്കയെ അപമാനിച്ചിരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.
ക്ഷമ ചോദിക്കാനില്ല: സെലൻസ്കി
വൈറ്റ്ഹൗസ് ചർച്ചയുടെ പേരിൽ ട്രംപിനോടു ക്ഷമചോദിക്കാനില്ലെന്ന് സെലൻസ്കി. ചർച്ചയ്ക്കു പിന്നാലെ ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ട്രംപുമായുള്ള ചർച്ച വളരെ മോശമായിരുന്നു. എന്തെങ്കിലും തെറ്റു ചെയ്തെന്ന് തോന്നുന്നില്ല. റഷ്യയോടുള്ള യുക്രെയ്ന്റെ മനോഭാവം മാറ്റാനാവില്ല. യുദ്ധത്തിൽ യുക്രെയ്ന്റെ ഏറ്റവും വലിയ പങ്കാളിയാണ് അമേരിക്ക. അമേരിക്കയെ ഒഴിവാക്കാൻ യുക്രെയ്നു കഴിയില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
സൈനികസഹായം നിർത്താൻ ആലോചന
യുക്രെയ്നുള്ള സൈനിക സഹായം നിർത്തലാക്കാൻ ട്രംപ് ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. യുക്രെയ്നിലേക്കു യുദ്ധോപകരണങ്ങൾ അയയ്ക്കുന്നത് നിർത്തിവയ്ക്കുന്നതിനെക്കുറിച്ചാണ് ആലോചനയെന്ന് വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഓവൽ ഓഫീസ് ചർച്ചയിലും സഹായം പിൻവലിക്കുമെന്ന ഭീഷണി ട്രംപ് ഉയർത്തിയിരുന്നു.