സുഡാനിൽ ഒരു വയസുള്ള ശിശുക്കൾവരെ ലൈംഗികപീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്
Wednesday, March 5, 2025 2:09 AM IST
ഖാർത്തൂം: തെക്കൻ സുഡാനിലെ രണ്ടു വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിൽ ആയിരക്കണക്കിനു ശിശുക്കൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായെന്ന് യുണിസെഫ്.
ഒരു വയസുള്ള ശിശുക്കളടക്കം ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. അക്രമണങ്ങൾക്കു ശേഷം മാനസികനില തകരാറിലായ പലരും ആത്മഹത്യക്കുവരെ ശ്രമിച്ചിട്ടുണ്ടെന്നും യുണിസെഫ് അറിയിച്ചു.
ഇരയായവരിൽ നല്ലൊരു ശതമാനത്തോളം ആൺകുട്ടികളുണ്ടങ്കിലും ഇത്തരം കാര്യങ്ങൾ മുതിർന്നവരെ അറിയിക്കുന്നതിലും സഹായം തേടുന്നതിലും ഇവർ പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.
അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് ( ആർഎസ്എഫ്) ആണ് ലൈംഗികാതിക്രമങ്ങൾക്കു പിന്നിലെന്ന് ഐക്യരാഷ്ട്രസഭ നടത്തിയ അന്വേഷണങ്ങളിൽ വ്യക്തമാകുന്നുണ്ടെന്നാണു റിപ്പോർട്ട്.
എന്നാൽ, ആർഎസ്എഫ് ആരോപണം നിഷേധിച്ചിട്ടുണ്ട്. ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിനുശേഷം യുഎസ് സഹായത്തിൽ വന്ന കുറവ് സുഡാനിലേക്ക് ആവശ്യമായ സഹായങ്ങളെത്തിക്കുന്നതിനു തടസം സൃഷ്ടിക്കുമെന്നാണു കരുതപ്പെടുന്നത്.