സെലൻസ്കിക്ക് ബ്രിട്ടനിൽ ഊഷ്മള സ്വീകരണം
Monday, March 3, 2025 3:06 AM IST
ലണ്ടൻ: അമേരിക്കയിൽ പ്രസിഡന്റ് ട്രംപിൽനിന്ന് അപമാനമേറ്റ് മടങ്ങേണ്ടിവന്ന യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിക്കു ബ്രിട്ടനിൽ ഊഷ്മള വരവേല്പ്. ശനിയാഴ്ച ലണ്ടനിലെത്തിയ സെലൻസ്കിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ആലിംഗനം ചെയ്തു സ്വീകരിച്ചു.
പ്രധാനമന്ത്രിയുടെ വസതിക്കു സമീപം കാത്തുനിന്നിരുന്ന ബ്രിട്ടീഷ് ജനതയും സെലൻസ്കിയെ ആവേശപൂർവം എതിരേറ്റു. യുക്രെയ്നുള്ള പിന്തുണ വ്യക്തമാക്കാനാണു ബ്രിട്ടീഷ് ജനത ഇവിടെ തടിച്ചുകൂടിയതെന്ന് സ്റ്റാർമർ പറഞ്ഞു. യുക്രെയ്നു ബ്രിട്ടന്റെ പൂർണ പിന്തുണയുണ്ടെന്നും ആവശ്യമുള്ള കാലത്തോളം അതു തുടരുമെന്നും സ്റ്റാർമർ ഉറപ്പു നല്കി.
സ്റ്റാർമറുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നെന്നും യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ നേടിയെടുക്കുന്നത് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തെന്നും സെലൻസ്കി അറിയിച്ചു.
വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ, സെലൻസ്കി നന്ദിയില്ലാത്തവനാണെന്നും യുക്രെയ്നുള്ള പിന്തുണ അമേരിക്ക പിൻവലിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഒട്ടുമിക്ക യൂറോപ്യൻ നേതാക്കളും സെലൻസ്കിക്കു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇതിനിടെ ട്രംപ്, സെലൻസ്കി, സ്റ്റാർമർ, യൂറോപ്യൻ യൂണിയൻ നേതാക്കൾ എന്നിവരുമായി ഫോണിൽ ചർച്ച നടത്തി. അമേരിക്കയുമായി ചർച്ച പുനരാരംഭിക്കാൻ തയാറാണെന്ന് സെലൻസ്കി അറിയിച്ചതായി മക്രോൺ പറഞ്ഞു.