ട്രംപിന്റെ ചരിത്രബോധം ചോദ്യംചെയ്ത അംബാസഡറുടെ പണി പോയി
Friday, March 7, 2025 12:39 AM IST
വെല്ലിംഗ്ടൺ: യുഎസ് പ്രസിഡന്റ് ട്രംപിന്റെ ചരിത്രബോധത്തെ ചോദ്യംചെയ്ത ബ്രിട്ടനിലെ ന്യൂസിലൻഡ് അംബാസഡർ ഫിൽ ഗോഫിനെ പുറത്താക്കി.
ഗോഫിന്റെ നിലപാടുകൾ നിരാശപ്പെടുത്തിയെന്നും സർക്കാരിനെ പ്രതിനിധീകരിക്കുന്നില്ലെന്നും ന്യൂസിലൻഡ് വിദേശകാര്യമന്ത്രി വിൻസ്റ്റൺ പിറ്റേഴ്സ് അറിയിച്ചു.
ചൊവ്വാഴ്ച ലണ്ടനിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണു ഫിൽ ഗോഫ് വിവാദ പരാമർശം നടത്തിയത്. റഷ്യയോടു മൃദുസമീപനം കാട്ടുന്ന ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമ പുനഃസ്ഥാപിച്ചതു പരാമർശിച്ച അദ്ദേഹം, ട്രംപിനു യഥാർഥത്തിൽ ചരിത്രം മനസിലാകുന്നുണ്ടോ എന്നു ചോദിക്കുകയായിരുന്നു.
ഇടതുപക്ഷ ലേബർ പാർട്ടി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ ഗോഫ് 2023ലാണ് ബ്രിട്ടനിലെ അംബാസഡറായി നിയമിക്കപ്പെട്ടത്.