പാക്കിസ്ഥാനിൽ അഹമ്മദി വിഭാഗത്തിന്റെ ആരാധനാലയം തകർത്ത് പോലീസ്
Tuesday, March 4, 2025 2:21 AM IST
ലാഹോർ: പാക്കിസ്ഥാനിൽ ന്യൂനപക്ഷ അഹമ്മദി വിഭാഗത്തിന്റെ ആരാധനാലയം പോലീസ് തകർത്തു. 120 വർഷം പഴക്കമുള്ള ആരാധനാലയമാണ് തകർത്തത്. തീവ്ര ഇസ്ലാമിക പാർട്ടിയുടെ സമ്മർദത്തെത്തുടർന്നായിരുന്നു പോലീസ് നടപടി.
ഗുജ്രൻവാലയിലെ ചാത്തയിലായിരുന്നു സംഭവം. ആരാധനാലയം തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തെഹ്രീക്-ഇ- ലബ്ബായിക് പാകിസ്ഥാൻ പാർട്ടി അംഗങ്ങൾ പോലീസുമായെത്തി ആരാധനാലയം തകർക്കുകയായിരുന്നെന്ന് ജമാഅത്ത്-ഇ-അഹമ്മദിയ പാകിസ്ഥാൻ (ജെഎപി) പറയുന്നു.
നിയമപ്രകാരം 1984ന് മുമ്പ് നിർമിച്ച അഹമ്മദിയകളടെ ആരാധനാലയങ്ങൾ പൊളിക്കാൻ പാടില്ല. എന്നാൽ അഹമ്മദി ആരാധനാലയത്തിൽ മോസ്കിലേതുപോലെയുള്ള മിനാരങ്ങളുണ്ടെന്നാരോപിച്ചായിരുന്നു നടപടി.
അഹമ്മദികൾക്കെതിരായ പീഡനം കാലങ്ങളായി തുടരുന്നുണ്ടെന്നും എന്നാൽ ഇപ്പോൾ ആരാധന പോലും നിഷേധിക്കുന്ന തരത്തിൽ സ്ഥിതിഗതികൾ വർധിച്ചിരിക്കുകയാണെന്നും ജെഎപി വക്താവ് ആമിർ മഹ്മൂദ് പറഞ്ഞു.
പാക്കിസ്ഥാനിൽ, അഹമ്മദികൾക്കെതിരേ മതതീവ്രവാദികൾ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾ വർധിച്ചുവരികയാണ്. അഹമ്മദികളുടെ കടകൾ ബഹിഷ്കരിക്കണമെന്നുവരെ പരസ്യ ആഹ്വാനങ്ങളുണ്ടാകുന്നു.
ജോലിയിൽനിന്നും പിരിച്ചുവിടുന്ന സംഭവങ്ങളുമുണ്ടെന്ന് ആമിർ മഹ്മൂദ് പറയുന്നു. 1974-ൽ പാക്കിസ്ഥാൻ പാർലമെന്റ് അഹമ്മദി സമൂഹത്തെ അമുസ്ലിംകളായി പ്രഖ്യാപിച്ചിരുന്നു. അവർക്ക് മതപ്രസംഗം നടത്തുന്നതിനും തീർഥാടനത്തിനായി സൗദിയിലേക്ക് പോകുന്നതിനും വിലക്കുണ്ട്.