ചൂടാറി; ഖേദം പ്രകടിപ്പിച്ച് സെലൻസ്കി
Wednesday, March 5, 2025 2:09 AM IST
കീവ്: അമേരിക്ക സൈനിക സഹായം നിർത്തിവച്ചതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. ഓവൽ ഓഫീസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി വാക്കേറ്റമുണ്ടായ സംഭവത്തിൽ സെലൻസ്കി ഖേദം പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച വിചാരിച്ച രീതിയിൽ നടന്നില്ല. ഇങ്ങനെ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സെലൻസ്കി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു
. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. യുഎസിന്റെ പിന്തുണയ്ക്ക് യുക്രെയ്ൻ പ്രസിഡന്റ് ആവർത്തിച്ച് നന്ദിയും പറഞ്ഞു. യുഎസ് നിർദേശിച്ച ധാതു കരാറിൽ ഒപ്പിടാൻ യുക്രെയ്ൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓവൽ ഓഫീസിൽ നടന്ന ചൂടൻ ചർച്ചയ്ക്കു പിന്നാലെ തിങ്കളാഴ്ച ട്രംപ് യുക്രെയ്നുള്ള സൈനിക സഹായം താത്കാലികമായി നിർത്തിവച്ചിരുന്നു. വൈറ്റ് ഹൗസിൽ നാഷണൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് സൈനിക സഹായം നിർത്തിവയ്ക്കാനുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചത്.
റഷ്യയുമായി സമാധാന ചർച്ചകൾക്കു യുക്രെയ്ൻ തീരുമാനിക്കുംവരെ ഈ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്നു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ പറയുന്നു. 2022 ഫെബ്രുവരി 24നു യുദ്ധം ആരംഭിച്ചതിനു ശേഷം വാഷിംഗ്ടൺ ഇതുവരെ 65.9 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം യുക്രെയ്നു നൽകിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ സെലൻസ്കിയും ട്രംപും രൂക്ഷമായ വാക്കേറ്റമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് യുക്രെയ്നു തിരിച്ചടിയായ തീരുമാനമുണ്ടായത്. ഇതുവരെ നൽകിവന്ന യുദ്ധസഹായത്തിനു യുക്രെയ്ന് നന്ദിയില്ലെന്നു സെലൻസ്കിയുമായുള്ള ചർച്ചയിൽ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തുറന്നടിച്ചു.