അഫ്ഗാൻ, പാക് പൗരന്മാർക്ക് ട്രംപ് പ്രവേശനം നിഷേധിച്ചേക്കും
Friday, March 7, 2025 12:39 AM IST
വാഷിംഗ്ടൺ ഡിസി: അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ചില രാജ്യക്കാർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിക്കാനുള്ള തീരുമാനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈകാതെ പ്രഖ്യാപിക്കുമെന്നു റിപ്പോർട്ട്.
നിരോധിത രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഉൾപ്പെടുമെന്ന് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അമേരിക്കയിൽ പ്രവേശനം ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലം സുരക്ഷാപരമായി വിലയിരുത്തണമെന്ന ഉത്തരവ് ട്രംപ് അധികാരമേറ്റ ജനുവരി 20നു പുറപ്പെടുവിച്ചിരുന്നു. പൂർണമായോ ഭാഗികമായോ അമേരിക്കയിൽ പ്രവേശനം നിഷേധിക്കേണ്ട രാജ്യങ്ങളുടെ പട്ടിക കാബിനറ്റ് മന്ത്രിമാർ തയാറാക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. മാർച്ച് 12നകം മന്ത്രിമാർ പട്ടിക കൈമാറും.
പട്ടികയിൽ അഫ്ഗാനിസ്ഥാൻ ഉണ്ടാകുമെന്ന് ഏതാണ്ടു തീർച്ചപ്പെട്ടതായാണു റിപ്പോർട്ട്. പാക്കിസ്ഥാനെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
അധിനിവേശകാലത്ത് പാശ്ചാത്യസേനയെ സഹായിച്ചതിന് അമേരിക്കയിൽ പുനരധിവാസം കാത്തുകഴിയുന്ന പതിനായിരക്കണക്കിന് അഫ്ഗാൻ പൗരന്മാരെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതാകും ട്രംപിന്റെ തീരുമാനം.
ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ഏഴു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിച്ചിരുന്നു. ട്രംപിനുശേഷം അധികാരത്തിലേറിയ ജോ ബൈഡനാണ് 2021ൽ ഈ നിരോധനം പിൻവലിച്ചത്.