മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർ
Saturday, February 22, 2025 2:24 AM IST
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘത്തിലെ ഡോ. സെർജിയോ ആൽഫിയേരി അറിയിച്ചു. എങ്കിലും ജീവനു ഭീഷണിയില്ല. അടുത്തയാഴ്ചകൂടി ആശുപത്രിയിൽ തുടരേണ്ടിവരും.
തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലോകത്തിനുമുന്‍പാകെ മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്ടർ വെളിപ്പെടുത്തി. ഇതാദ്യമായാണ് മാർപാപ്പയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിൽനിന്ന് ആരോഗ്യനില സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിലവില്‍ പനിയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
രക്തസമ്മർദം, ഓക്സിജൻ ലെവല്‍, ഹൃദയമിടിപ്പ് തുടങ്ങിയവ കൃത്യമായ തോതിലാണ് മുന്നോട്ടുപോകുന്നതെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ രാത്രിയിലും നന്നായി ഉറങ്ങി. ഇന്നലെ രാവിലെ എഴുന്നേറ്റ് പ്രഭാതഭക്ഷണം കഴിച്ചു.
അതേസമയം, ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അസാധാരണമായ ഊർജം മാര്‍പാപ്പയ്ക്കുണ്ടെന്ന് മാര്‍പാപ്പയുടെ സുഹൃത്തും ഈശോസഭാ വൈദികനുമായ ഫാ. അന്റോണിയോ സ്പാഡറോ പറഞ്ഞു. ഇതൊരു ലളിതമായ ചികിത്സയല്ല, സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പതിറ്റാണ്ടിലധികം ജെസ്യൂട്ട് മാസികയായ ലാ സിവിൽറ്റ കാറ്റോലിക്കയുടെ ഡയറക്ടറായിരുന്ന ഫാ. സ്പാഡറോ നിലവിൽ വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യുക്കേഷന്റെ അണ്ടർസെക്രട്ടറിയാണ്. ഇക്കഴിഞ്ഞ 14നാണ് ഫ്രാന്‍സിസ് മാർപാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.