ഇന്ത്യക്കെതിരേ വീണ്ടും ട്രംപ്; അത് കൈക്കൂലി
Saturday, February 22, 2025 2:24 AM IST
ന്യൂയോർക്ക്: വോട്ടെടുപ്പിൽ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യക്ക് നൽകിയ യുഎസ്എഐഡി ഫണ്ട് കൈക്കൂലിയായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ജോ ബൈഡന്റെ മുൻ സർക്കാരിനെ കടന്നാക്രമിച്ചായിരുന്നു ട്രംപ് വീണ്ടും വിവാദപ്രസ്താവന നടത്തിയത്. വാഷിംഗ്ടൺ ഡിസിയിൽ നടന്ന റിപ്പബ്ലിക്കൻ ഗവർണേഴ്സ് അസോസിയേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
/”/”ഇന്ത്യയിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് 21 ദശലക്ഷം ഡോളർ. ഇന്ത്യയുടെ വോട്ടർമാരുടെ പങ്കാളിത്തം നമ്മൾ എന്തിനാണ് ശ്രദ്ധിക്കുന്നത്? നമുക്ക് ഒരു പാട് പ്രശ്നങ്ങളുടെണ്ട്. നമ്മൾ നമ്മുടെ പങ്കാളിത്തം വർധിക്കിപ്പിക്കുകയല്ലേ വേണ്ടത്? പലതവണ താന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതാണ്. അപ്പോഴൊന്നും അതേക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും മനസിലായിട്ടുണ്ടാകില്ല.
അതിനര്‍ഥം അതൊരു കൈക്കൂലിയാണ്-ട്രംപ് പറഞ്ഞു. രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിനു ബംഗ്ലദേശിന് നൽകിയിരുന്ന 2.9 കോടി ഡോളർ സഹായം നൽകിയിരുന്നതിനെയും ട്രംപ് ചോദ്യം ചെയ്തു. രാഷ്ട്രീയ ഭൂപ്രകൃതി എന്നതു കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആർക്കുമറിയില്ല. എന്താണ് അതിന്റെ അർഥമെന്നും ട്രംപ് ചോദിച്ചു.
തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ അമേരിക്ക 21 മില്യൺ ഡോളർ(160 കോടി രൂപ) ധനസഹായം നല്‍കിയത് ബംഗ്ലാദേശിനാണെന്നു റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസാണ് ഇതു സംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്.
യുഎസ്എഐഡി ധനസഹായം മോദി സർക്കാരിനെ അട്ടിമറിക്കാൻ ബൈഡൻ ഭരണകൂടം അനുവദിച്ചതാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
മറ്റാരെയോ തെരഞ്ഞെടുക്കുന്നതിന് ബൈഡൻ ഭരണകൂടം നടത്തിയ ശ്രമമായിരുന്നുവെന്നാണ് താൻ കരുതുന്നത്- മിയാമിയിൽ ട്രംപ് പറഞ്ഞു.
ഇന്ത്യ ചുമത്തുന്ന ഉയർന്ന തീരുവ മൂലം ഇവിടെ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും യുഎസ്എഐഡി ഫണ്ടിനെ ട്രംപ് വിമർശിച്ചിരുന്നു.