23 പ്രോ-ലൈഫ് പ്രവർത്തകർക്കു മാപ്പു നല്കി ട്രംപ്
Saturday, January 25, 2025 2:52 AM IST
ഷിക്കാഗോ: അബോർഷൻ ക്ലിനിക്കുകൾ ഉപരോധിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട 23 പ്രോ-ലൈഫ് പ്രവർത്തകർക്കു മാപ്പു നല്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
""ഈ ഉത്തരവിൽ ഒപ്പുവയ്ക്കുന്നതു വലിയ ബഹുമതിയായി കരുതുന്നു. ഇവരെ പ്രോസിക്യൂട്ട് ചെയ്യരുതായിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവർക്കാണു മാപ്പു നല്കിയത്’’- ട്രംപ് പറഞ്ഞു.
2020 ഒക്ടോബറിൽ വാഷിംഗ്ടൺ ഡിസിയിലെ ഒരു അബോർഷൻ ക്ലിനിക്കിൽ ഉപരോധം നടത്തിയ പത്തു പേർ ഉൾപ്പെടെയുള്ളവർക്കാണു ട്രംപ് മാപ്പു നല്കിയത്. വാഷിംഗ്ടൺ ഡിസിയിലെ പ്രതിഷേധത്തിനു നേതൃത്വം നല്കിയ ലോറെൻ ഹാൻഡിയെ അഞ്ചു വർഷം തടവിനു ശിക്ഷിച്ചിരുന്നു. പ്രതിഷേധത്തിനിടെ ഒരു നഴ്സിനു പരിക്കേറ്റിരുന്നു. പ്രതിഷേധക്കാർ മണിക്കൂറുകളോളം ക്ലിനിക് ഉപരോധിച്ചു. പ്രോഗ്രസീവ് ആന്റി-അബോർഷൻ അപ്റൈസിംഗ്(പിഎഎയു) എന്ന സംഘടനയുടെ നേതാവായ ഹാൻഡിയെ 2024 മേയിലാണു ശിക്ഷിച്ചത്.
അമേരിക്കയിലെ ഏറ്റവും വലിയ അബോർഷൻവിരുദ്ധ റാലിയെ വീഡിയോ ലിങ്കിലൂടെ ഇന്നലെ ട്രംപ് അഭിസംബോധന ചെയ്തു. 2020ലെ അബോർഷൻവിരുദ്ധ റാലിയിൽ ട്രംപ് പങ്കെടുത്തിരുന്നു. 1974ലാണ് വാർഷിക അബോർഷൻവിരുദ്ധ റാലി തുടങ്ങിയത്. 1973ലാണ് സുപ്രീംകോടതി അമേരിക്കയിൽ ഗർഭഛിദ്രം നിയമവിധേയമാക്കിയത്.
പ്രോ-ലൈഫ് പ്രതിഷേധക്കാർക്കു മാപ്പു നല്കിയ ട്രംപിന്റെ നടപടിയെ അബോർഷൻ അനുകൂലികൾ വിമർശിച്ചു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗർഭഛിദ്രം പ്രധാന പ്രചാരണവിഷയമായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ് സ്ത്രീകളുടെ ഗർഭഛിദ്ര അവകാശത്തെ പിന്തുണച്ചിരുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡനും ഗർഭഛിദ്രത്തിന് അനുകൂല നിലപാടാണു സ്വീകരിക്കുന്നത്.
ജീവൻ സംരക്ഷിക്കുന്നതിനുവേണ്ടി പോരാടുന്നവർക്കെതിരേ കേസെടുക്കില്ലെന്ന് നിയുക്ത അറ്റോർണി ജനറൽ പമേല ജോ ബോണ്ടി പ്രസ്താവിച്ചു.