ജന്മാവകാശ പൗരത്വം: ട്രംപിന്റെ ഉത്തരവ് കോടതി മരവിപ്പിച്ചു
Saturday, January 25, 2025 12:09 AM IST
സിയാറ്റിൽ: ജന്മാവകാശ പൗരത്വം റദ്ദാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്ക് കോടതിയിൽ തിരിച്ചടി. വാഷിംഗ്ടൺ സംസ്ഥാനത്തെ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത് 14 ദിവസത്തേക്കു മരവിപ്പിച്ചു. ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നു ജഡ്ജി ജോൺ കഫനോർ ചൂണ്ടിക്കാട്ടി.
ട്രംപ് അധികാരത്തിലേറിയ ആദ്യദിനംതന്നെ പുറപ്പെടുവിച്ച ഉത്തരവുകളിലൊന്നാണിത്. ഇതിനെതിരേ വാഷിംഗ്ടൺ, അരിസോണ, ഇല്ലിനോയ്, ഒറേഗോൺ സംസ്ഥാനങ്ങൾ നല്കിയ ഹർജിയാണു കോടതി പരിഗണിച്ചത്.
22 സംസ്ഥാനങ്ങളും കുടിയേറ്റ സംഘടനകളും ഉത്തരവിനെതിരേ വിവിധ കോടതികളെ സമീപിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തെ വിചാരണയാണു വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസ്ട്രിക്റ്റ് കോടതിയിൽ നടന്നത്.
1868ലെ ഭരണഘടനാ ഭേദഗതി പ്രകാരം, അമേരിക്കയിൽ ജനിക്കുന്ന ഏതൊരാൾക്കും സ്വാഭാവിക പൗരത്വം ലഭിക്കും. ഇതു റദ്ദാക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ വാദങ്ങൾ അംഗീകരിക്കുന്ന നിലപാടാണു ജഡ്ജി ജോൺ കഫനോർ സ്വീകരിച്ചത്. നാലു പതിറ്റാണ്ട് ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള താൻ ഇത്ര വ്യക്തമായി ഭരണഘടനാ ലംഘനം ആരോപിക്കപ്പെട്ട ഒരു കേസ് പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി അമേരിക്കയിലെത്തുന്നവരുടെ മക്കൾക്കു പൗരത്വവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതു നിർത്തലാക്കാൻവേണ്ടിയാണു ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 19നാണ് ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്.
ജന്മാവകാശ പൗരത്വം നല്കുന്ന 30 രാജ്യങ്ങളിലൊന്നാണ് അമേരിക്ക. നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്ന ലക്ഷക്കണക്കിനു പേരുടെ മക്കൾക്ക് ഇങ്ങനെ പൗരത്വം ലഭിച്ചിട്ടുണ്ട്.
അതേസമയം, ട്രംപിന്റെ നീക്കത്തിനു കോടതിയിൽ തിരിച്ചടി ലഭിച്ചേക്കുമെന്നാണു സൂചന.
ജന്മാവകാശ പൗരത്വം ഇല്ലാതാക്കാൻ ഭരണഘടന ഭേദഗതി ചെയ്യുകയെന്ന മാർഗമേ പിന്നെ ട്രംപിനു മുന്നിലുണ്ടാകൂ. അതിനു വലിയ കടന്പകൾ കടക്കേണ്ടിവരും. അമേരിക്കയിലെ സംസ്ഥാനങ്ങളിൽ നാലിൽ മൂന്നും കോൺഗ്രസിലെ ഇരുസഭകളിൽ മൂന്നിൽ രണ്ടംഗങ്ങളും പിന്തുണച്ചാലേ ഭരണഘടനാ ഭേദഗതി പാസാകൂ.
538 കുടിയേറ്റക്കാർ അറസ്റ്റിലായി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ അധികാരത്തിലേത്തിയ ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാർക്കെതിരേ കർശന നടപടികളാരംഭിച്ചു. 538 പേരെ അറസ്റ്റ് ചെയ്തെന്നും നൂറുകണക്കിനുപേരെ പട്ടാള വിമാനങ്ങളിൽ തിരിച്ചയച്ചുവെന്നും വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും തീവ്രവാദികളും ഇതിൽ ഉൾപ്പെടുന്നു.