മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ട സൗത്ത്പോർട്ട് കേസിൽ 52 വർഷം തടവ്
Saturday, January 25, 2025 12:09 AM IST
ലണ്ടൻ: മൂന്നു പെൺകുട്ടികൾ ദാരുണമായി കുത്തേറ്റു മരിച്ച സൗത്ത്പോർട്ട് ആക്രമണക്കേസിലെ പ്രതി ആക്സൽ റുഡാകുബാനയ്ക്ക് (18) ബ്രിട്ടീഷ് കോടതി 52 വർഷം തടവുശിക്ഷ വിധിച്ചു. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ ലിവർപൂളിനു വടക്ക് സൗത്ത്പോർട്ട് പട്ടണത്തിലുണ്ടായ സംഭവം ബ്രിട്ടനെ ഞെട്ടിച്ചിരുന്നു. ചെറിയ കുട്ടികൾ ഡാൻസ് പരിശീലിച്ചിരുന്ന കേന്ദ്രത്തിൽ അക്രമി നടത്തിയ കത്തിയാക്രമണത്തിൽ ആറ്, ഏഴ്, ഒന്പത് വയസുള്ള പെൺകുട്ടികളാണു കൊല്ലപ്പെട്ടത്.
എട്ടു കുട്ടികളടക്കം പത്തു പേർക്കു പരിക്കേൽക്കുകയും ചെയ്തു. റുവാണ്ടൻ വംശജനായ പ്രതിയുടെ ക്രൂരകൃത്യം ബ്രിട്ടനിലുടനീളം കുടിയേറ്റവിരുദ്ധ പ്രക്ഷോഭത്തിനു തിരി കൊളുത്തി.
അൽക്വയ്ദ ആശയങ്ങളും രാസായുധവും കൈവശം വച്ചതിനു ചുമത്തപ്പെട്ട തീവ്രവാദ കുറ്റങ്ങളും പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു.
പ്രതിക്കു നല്കിയ ശിക്ഷ കുറഞ്ഞുപോയെന്ന് കൊല്ലപ്പെട്ട കുട്ടികളുടെ ബന്ധുക്കൾ പ്രതികരിച്ചു.