തട്ടിയെടുത്ത കപ്പലിലെ ജീവനക്കാരെ ഹൂതികൾ മോചിപ്പിച്ചു
Saturday, January 25, 2025 12:09 AM IST
മസ്കറ്റ്: ഹൂതികൾ പിടിച്ചെടുത്ത ഗാലക്സി ലീഡൻ എന്ന ചരക്കുകപ്പലിലെ 25 ജീവനക്കാർ മോചിതരായി. ഗാസാ വെടിനിർത്തലിനു പിന്തുണ പ്രഖ്യാപിച്ചാണ് ഇവരെ മോചിപ്പിക്കുന്നതെന്നു ഹൂതികൾ പറഞ്ഞു.
ഒമാൻ ആണ് മോചനത്തിനു മധ്യസ്ഥചർച്ചകൾ നടത്തിയത്. ഗാസയിലെ ഹമാസും കപ്പൽ ജീവനക്കാരെ വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടതായി ഹൂതികൾ അറിയിച്ചു.
2023 നവംബറിലാണ് ഹൂതികൾ ഈ കപ്പൽ പിടിച്ചെടുത്തത്. 25 ജീവനക്കാരിൽ 17ഉം ഫിലിപ്പീനികളാണ്. ശേഷിക്കുന്നവർ ബൾഗേറിയ, റൊമാനിയ, യുക്രെയ്ൻ, മെക്സിക്കോ രാജ്യക്കാരും.
ബുധനാഴ്ച മോചിതരായ ഇവർ ഒമാൻ എയർഫോഴ്സ് വിമാനത്തിൽ മസ്കറ്റിലെത്തുകയും തുടർന്ന് സ്വന്തം നാടുകളിലേക്കു പോവുകയും ചെയ്തു.
ഹൂതികളെ വീണ്ടും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണു കപ്പൽ ജീവനക്കാർ മോചിതരായത്.
ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ഹൂതികളെ തീവ്രവാദപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് അധികാരത്തിലേറിയ ജോ ബൈഡനാണ് ഇവരെ പട്ടികയിൽനിന്നു നീക്കം ചെയ്തത്.
പലസ്തീനു പിന്തുണ പ്രഖ്യാപിച്ചാണു ഹൂതികൾ കപ്പലുകൾ ക്രമിക്കാൻ തുടങ്ങിയത്. ഗാസയിൽ വെടിനിർത്തലാരംഭിച്ചതിനു പിന്നാലെ ഇസ്രേലിയിതര കപ്പലുകൾ ആക്രമിക്കില്ലെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരുന്നു.