നിർമിതബുദ്ധി മനുഷ്യനന്മയ്ക്കു വേണ്ടിയാകണം: മാർപാപ്പ
Friday, January 24, 2025 2:42 AM IST
ദാവോസ്: നിർമിതബുദ്ധി മനുഷ്യമഹത്വം വളർത്തുന്നതിനാകണമെന്നു ഫ്രാൻസിസ് മാർപാപ്പ. നിർമിതബുദ്ധി ധാർമികതത്ത്വത്തിന് അനുസൃതമായും ഉത്തരവാദിത്വപൂർണമായും മനുഷ്യനന്മയ്ക്ക് ഉതകുന്ന രീതിയിൽ വിനിയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
കാര്യക്ഷമതയുടെ പേരിൽ മനുഷ്യമഹത്വം നിരാകരിക്കപ്പെടരുതെന്നും 2025ലെ ലോക സാന്പത്തിക ഫോറത്തിന്റെ ചെയർമാനയച്ച സന്ദേശത്തിൽ മാർപാപ്പ ചൂണ്ടിക്കാട്ടി. സഹകരണത്തിനു മാത്രമല്ല, ജനങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്നതിനും നിർമിതബുദ്ധി സഹായകമാണ്.
ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനു ലഭിച്ചിരിക്കുന്ന സവിശേഷ ഘടകമാണ് ബുദ്ധിവൈഭവം. കത്തോലിക്കാ സഭ എല്ലാക്കാലത്തും ശാസ്ത്രവും സാങ്കേതികവിദ്യയും സുകുമാരകലകളും ഇതര മാനുഷികയത്നങ്ങളും പരിപോഷിപ്പിച്ചിട്ടുണ്ട്. സൃഷ്ടലോകത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയുള്ള സ്ത്രീപുരുഷന്മാരുടെ സഹകരണം ഈ മേഖലകളിലെല്ലാം ആവശ്യമാണെന്ന നിലപാടാണ് സഭ പുലർത്തിയിരുന്നത് -മാർപാപ്പ പറഞ്ഞു.
നിർമിതബുദ്ധി അനുകരിക്കുന്നത് അതിന്റെ നിർമാതാവായ മനുഷ്യബുദ്ധിയെയാണ്. ഇത് ചില ചോദ്യങ്ങളും വെല്ലുവിളികളും ഉയർത്തുന്നുണ്ട്. കാരണം, സ്വന്തം നിലയിൽ നിർമിതബുദ്ധി കണ്ടെത്തുന്ന ചില ഉത്തരങ്ങൾ നിർമാതാക്കൾ മുൻകൂട്ടി കാണാത്തവയാകാം.
അതുകൊണ്ട് ധാർമിക ഉത്തരവാദിത്വം, മനുഷ്യസുരക്ഷിതത്വം, സമൂഹത്തിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്നിവയെപ്പറ്റി നിർമിതബുദ്ധി ഉയർത്തുന്ന പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ട്- മാർപാപ്പ പ്രസ് താവിച്ചു.