വിട്ടയയ്ക്കുന്ന നാലു ബന്ദികളുടെ പേര് പുറത്തുവിട്ടു
Saturday, January 25, 2025 2:17 AM IST
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് വെടിനിർത്തലിന്റെ ഭാഗമായി ഇന്നു വിട്ടയയ്ക്കുന്ന നാലു ബന്ദികളുടെ പേര് ഹമാസ് പുറത്തുവിട്ടു. അതേസമയം, ഇക്കാര്യത്തിൽ ഇസ്രയേലിന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല.
ആറാഴ്ച നീളുന്ന വെടിനിർത്തൽ ഇന്ന് ഏഴാം ദിവസത്തിലെത്തും. ജനുവരി 19ന് മൂന്നു ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. പകരം 90 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു.
വെടിനിർത്തലിന്റെ ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്. 94 ബന്ദികളാണ് ഹമാസിന്റെ തടങ്കലിലുള്ളത്.
ഇവരിൽ പകുതിപ്പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് ഇസ്രയേലിന്റെ നിഗമനം.