മതാന്തര സംവാദങ്ങൾ സമാധാനം ഉറപ്പാക്കാൻ: മാർ കൂവക്കാട്ട്
Saturday, January 25, 2025 12:09 AM IST
വത്തിക്കാൻ സിറ്റി: ആഴമേറിയ വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളായിരുന്ന കർദിനാൾ ടോറൻ, കർദിനാൾ അയുസോ എന്നിവരുടെ പിൻഗാമിയാകേണ്ടിവരുന്പോൾ, അദ്ഭുതവും ആനന്ദവും ഒപ്പം അല്പം ആശങ്കയും കലർന്ന സമ്മിശ്രവികാരമാണ് താൻ അനുഭവിക്കുന്നതെന്ന് കർദിനാൾ മാർ ജോർജ് കൂവക്കാട്ട്.
വത്തിക്കാന്റെ മതാന്തര സംവാദത്തിനുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് ആയി നിയോഗിക്കപ്പെട്ടശേഷം വത്തിക്കാൻ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപൂർണമായ ലോകം കെട്ടിപ്പടുക്കുന്നതിൽ മതാന്തര സംവാദത്തിനുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം വാചാലനായി. ജൂതമതം ഒഴികെയുള്ള മതങ്ങളുമായി സഹോദരതുല്യമായ ബന്ധം വളർത്തിയെടുക്കുന്നതിനായുള്ള കാര്യാലയമാണിത്. ക്രൈസ്തവ ഐക്യം വളർത്തിയെടുക്കാനുള്ള കാര്യാലയത്തിന്റെ കീഴിലാണ് ജൂതമതത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഭാരിച്ച ദൗത്യം ഏറ്റെടുക്കേണ്ടിവരുന്പോൾ ആശങ്കയുണ്ട്. എന്നാൽ മതസാഹോദര്യം നിറഞ്ഞ ലോകം സ്വപ്നം കാണുന്നവരുടെ പ്രാർഥനയാണ് തന്റെ ശക്തിയെന്ന് കർദിനാൾ പറഞ്ഞു.
നിരവധി മതങ്ങൾ ഒന്നിച്ചു കഴിയുന്ന ചങ്ങനാശേരിയിലെ ചെത്തിപ്പുഴയിൽ ജനിച്ച തനിക്ക് വൈവിധ്യങ്ങൾ സന്പത്താണെന്ന് നിസംശയം പറയാൻ സാധിക്കും. ഭാരതത്തിലെ മതാന്തര സംവാദം സന്യാസവുമായി ബന്ധപ്പെട്ടുള്ളതാണ്. എഡി 1500ൽ ജെസ്യൂട്ട് വൈദികൻ ഫാ. റോബർട്ടോ ഡി നൊബിലി ഭാരതീയ മഹർഷിമാരുടെ വസ്ത്രധാരണവും ആചാരങ്ങളും സ്വീകരിക്കാനും പ്രാദേശിക സാംസ്കാരിക മൂല്യങ്ങൾ ഉൾക്കൊള്ളാനും ശ്രമിച്ചിരുന്നു.
സ്വന്തം സ്വത്വം ഇല്ലാതാക്കണമെന്നല്ല ഇതുകൊണ്ടെല്ലാം ഉദ്ദേശിക്കുന്നത്. മറിച്ച് അന്യരോട് വിവേചനരഹിതമായി പെരുമാറുന്നതിന് സ്വത്വം തടസമാകരുത് എന്നാണ്. രണ്ടാം വത്തിക്കാൻ കൗണ്സിലാണ് ഇസ്ലാം മതവുമായുള്ള സഹവർത്തിത്വത്തിലേക്ക് പുതിയൊരു പാത വെട്ടിത്തുറന്നത്.
1969ൽ വിശുദ്ധ പോൾ ആറാമൻ തന്റെ ഉഗാണ്ടയിലേക്കുള്ള തീർഥാടനവേളയിൽ, ആഫ്രിക്കയിലെ ക്രൈസ്തവ മിഷനറിമാരുടെ രക്തസാക്ഷിത്വത്തോടൊപ്പം പ്രാദേശിക ഗോത്രരാജാക്കന്മാരുടെ പീഡനമനുഭവിച്ചിട്ടുള്ള ഇസ്ലാം മതവിശ്വാസികളെയും അനുസ്മരിച്ചിരുന്നു.
വിശുദ്ധ ജോണ് പോൾ രണ്ടാമൻ ഡമാസ്കസിലെ മസ്ജിദിൽ പ്രവേശിച്ചതിന്റെ ഓർമകൾ ഇപ്പോഴും മനസിൽ തങ്ങിനിൽക്കുന്നു. അതുപോലെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇസ്താംബുളിലെ ബ്ലൂ മോസ്കിൽ പ്രാർഥനയർപ്പിച്ചത് 2006-ൽ ലോകം കണ്ടതാണ്.
ഫ്രാൻസിസ് മാർപാപ്പ മുൻകൈയെടുത്ത് ചെയ്യുന്ന ഒട്ടനേകം കാര്യങ്ങളും നാം കാണുന്നതാണ്. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അപ്പസ്തോലിക യാത്രകൾക്കെല്ലാം മതാന്തരമായ വിവിധ മാനങ്ങളുണ്ടാവാറുണ്ട്.
ജക്കാർത്തയിലെ മസ്ജിദിനും കത്തീഡ്രലിനും ഇടയിലുള്ള ‘സൗഹൃദ തുരങ്കം’ കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം ആശീർവദിച്ചത്. സമാനമായ നിരവധി അപ്പസ്തോലിക യാത്രകൾക്ക് ചുക്കാൻ പിടിച്ച അനുഭവപരിചയം തന്റെ പുതിയ നിയോഗം വിജയിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.