ചൈനയെ പിടിച്ചുകുലുക്കി മറ്റൊരു മഹാവ്യാധി; ആശുപത്രികള്‍ നിറയുന്നു
Saturday, January 4, 2025 3:00 AM IST
ബെയ്ജിംഗ്: കോവിഡ് മഹാമാരി ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന അഞ്ചുവര്‍ഷത്തിനുശേഷം മറ്റൊരു ആരോഗ്യപ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്. ഇത്തവണ കോവിഡിനു സമാനമായി ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ആണ് ചൈനയില്‍ പടരുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്തുണ്ടായ ആശങ്കയ്ക്ക് സമാനമായ സാഹചര്യമാണ് ചൈനയില്‍ നിലനില്‍ക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ പറയുന്നു.
അജ്ഞാത വൈറസ് അതിവേഗമാണു പടരുന്നത്. ചൈനയിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുട്ടികളും പ്രായമായവരുമാണ് രോഗികളിൽ ഭൂരിപക്ഷവും. എന്നാൽ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗനിയന്ത്രണ അഥോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രോഗ പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കാനും കൈകള്‍ ഇടയ്ക്കിടെ കഴുകാനും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.
2001 ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ചുമ, പനി, ശ്വാസം മുട്ടൽ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് വിദഗ്ധർ പറയുന്നു. ചിലർക്കു ജലദോഷത്തിന് സമാനമായ നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ. ചിലരിൽ കോവിഡിനു സമാനമായ ലക്ഷണങ്ങൾ ഉണ്ടാകും.
നിലവിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്നും വിദഗ്ധർ പറയുന്നു. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈ കഴുകുക തുടങ്ങിയ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
ചൈനയിൽ വൈറസ് ബാധയേറ്റ് നിരവധി പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.ഇന്‍ഫ്ലുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങി മറ്റു രോഗങ്ങളും പടരുന്നത് ചൈനയുടെ ആരോഗ്യസംവിധാനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
പുതിയ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. ആശുപത്രികള്‍ നിറഞ്ഞതായാണു പ്രചരിക്കുന്ന വീഡിയോകളില്‍ വ്യക്തമാകുന്നത്. രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ലക്ഷണങ്ങള്‍
പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇതു പകരാം. ഈ വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്നു മുതല്‍ അഞ്ചു ദിവസം വരെയാണ്.
എച്ച്എംപിവി രോഗത്തിനെതിരേയുള്ള ശരീരത്തിന്റെ പ്രതിരോധശേഷി ദുര്‍ബലമാണെന്നാണു കണ്ടെത്തല്‍. ഇത് ആവര്‍ത്തിച്ചുള്ള അണുബാധകള്‍ തടയുന്നത് ബുദ്ധിമുട്ടാക്കുന്നു. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപനം.
ആശങ്ക വേണ്ടെന്നു കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിൽ ആശങ്ക വേണ്ടെന്നും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ. ജലദോഷത്തിനു കാരണമാകുന്ന ശ്വാസകോശ സംബന്ധമായ വൈറസുകളെപ്പോലെയാണ് എച്ച്എംപിവിയുമെന്ന് സെന്റർ ഡയറക്ടർ ഡോ.അതുൽ ഗോയൽ പറഞ്ഞു.
വൈറസ് കാരണം കുട്ടികൾക്കും പ്രായമായവർക്കും പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകാം. ചുമയോ ജലദോഷമോ ഉണ്ടെങ്കിൽ അണുബാധ പടരാതിരിക്കാൻ മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.