സിറിയൻ ഭരണാധികാരിക്കു മുന്നിൽ ആശങ്കകൾ ഉന്നയിച്ച് ക്രൈസ്തവ സമൂഹം
Sunday, January 5, 2025 12:04 AM IST
ഡമാസ്കസ്: സിറിയയിലെ ക്രിസ്ത്യൻ സഭാ പ്രതിനിധികൾ പുതിയ ഭരണാധികാരി അഹമ്മദ് അൽ ഷാരയുമായി കൂടിക്കാഴ്ച നടത്തി. ക്രൈസ്തവസമൂഹത്തിന്റെ ഭാവി സംബന്ധിച്ച ആശങ്കകളും ഉത്കണ്ഠകളും അൽ ഷാരയുമായി പങ്കുവച്ചതായി കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഈശോസഭാ വൈദികൻ ഫാ. റാമി ഏലിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതിയ ഭരണഘടന, ജനാധിപത്യം, ന്യൂനപക്ഷങ്ങൾക്കു തുല്യ പരിഗണന തുടങ്ങിയ വിഷയങ്ങളിൽ അൽ ഷാരയുമായി ചർച്ച നടത്തി. ഡമാസ്കസിലും ദാരയിലും ദീർഘകാലം ക്രൈസ്തവർക്കൊപ്പം താസമിച്ച കാര്യം ചൂണ്ടിക്കാട്ടിയ അൽ ഷാര, ക്രൈസ്തവർ സിറിയൻ സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്ന് ഉറപ്പു നല്കി.
സിറിയയിൽ സിവിലിയൻ ഭരണകൂടം നിലവിൽ വരണമെന്ന ആഗ്രഹം ക്രൈസ്തവ നേതാക്കൾ പ്രകടിപ്പിച്ചു. അൽ ഷാരയും ഇക്കാര്യത്തോടു യോജിച്ചു.
അമേരിക്കയും യൂറോപ്യൻ യൂണിയനും ഇപ്പോഴത്തെ നിലപാട് തുടരുകയാണെങ്കിൽ മിതവാദത്തിലൂന്നിയ ഇസ്ലാമിക സിവിലിയൻ ഭരണകൂടം സിറിയയിൽ നിലവിൽ വരുമെന്ന് ഫാ. ഏലിയാസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, ക്രൈസ്തവരുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസികൾ ഭയപ്പെടരുതെന്നും ഭരണഘടനാ നിർമാണത്തിലടക്കം പങ്കാളികളാകണമെന്നും അദ്ദേഹം നിർദേശിച്ചു. കൂടിക്കാഴ്ചയിൽ അന്ത്യോഖ്യാ പാത്രിയാർക്കീസ് നേരിട്ടു പങ്കെടുത്തില്ലെങ്കിലും പ്രതിനിധികളെ അയച്ചു.