സിറിയയിൽ വനിതാ, ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പുവരുത്തണം: യൂറോപ്യൻ മന്ത്രിമാർ
Sunday, January 5, 2025 12:04 AM IST
ഡമാസ്കസ്: സിറിയയുടെ പരിവർത്തനത്തിൽ വനിതകൾക്കും കുർദുകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കും പങ്കുണ്ടായിരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ.
സിറിയയിലെ പുതിയ ഭരണകൂടം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും യൂണിയൻ പ്രതിനിധികളായി ഡമാസ്കസിലെത്തി പുതിയ ഭരണാധികാരി അഹമ്മദ് അൽ ഷാരയുമായി ചർച്ച നടത്തിയ ജർമൻ, ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാരായ അന്നലേന ബെയർബോക്ക്, ഷോൺ നോയൽ ബാരറ്റ് എന്നിവർ ആവശ്യപ്പെട്ടു.
സിറിയയ്ക്ക് യൂറോപ്യൻ യൂണിയൻ നല്കുന്ന ധനസഹായം ഇസ്ലാമിക സംഘടനകളിൽ എത്തുന്നില്ലെന്നും ഉറപ്പുവരുത്തണം.
ഇക്കാര്യങ്ങൾ വിശദമായും വ്യക്തമായും അൽ ഷാരയുമായി ചർച്ച ചെയ്തെന്ന് ജർമൻ, ഫ്രഞ്ച് മന്ത്രിമാർ അറിയിച്ചു.
അൽ ഷാരയുടെ എച്ച്ടിഎസ് സംഘടന ഡിസംബർ എട്ടിന് ഭരണം പിടിച്ചെടുത്തശേഷം സിറിയ സന്ദർശിക്കുന്ന ആദ്യ യൂറോപ്യൻ മന്ത്രിമാരാണിവർ.
രാഷ്ട്രീയ പുരോഗതി അടിസ്ഥാനമാക്കി ആയിരിക്കും സിറിയയ്ക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു.