ട്രംപിനു ശിക്ഷ പത്തിന്
Sunday, January 5, 2025 12:04 AM IST
ന്യൂയോർക്ക്: നീലച്ചിത്രനടിക്കു പണം കൊടുത്ത കാര്യം മറച്ചുവയ്ക്കാൻ കള്ളക്കണക്കെഴുതിയെന്ന കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപിനുള്ള ശിക്ഷ ജനുവരി 10നു വിധിക്കുമെന്ന് ന്യൂയോർക്ക് കോടതി വ്യക്തമാക്കി. എന്നാൽ, ട്രംപിനെ ജയിലിലേക്ക് അയയ്ക്കുകയോ പിഴ വിധിക്കുകയോ ചെയ്യില്ലെന്ന് ജഡ്ജി ഹുവാൻ മെർച്ചാൻ അറിയിച്ചു.
ട്രംപ് അധികാരത്തിലേറാൻ പത്തു ദിവസം ശേഷിക്കേയാണ് ശിക്ഷ വിധിക്കുന്നത്. ഭരണതടസമുണ്ടാകാതിരിക്കാൻ പ്രസിഡന്റ് പദവി അവസാനിക്കുന്ന നാലു വർഷം വരെ ശിക്ഷാവിധി നീട്ടിവയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
2016ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ അവിഹിതബന്ധം പുറത്തു വരാതിരിക്കാൻ സ്റ്റോമി ഡാനിയൻസ് എന്ന വനിതയ്ക്ക് 1,30,000 ഡോളർ ട്രംപ് കൊടുത്തെന്നാണ് ആരോപണം. ഇതു മറച്ചുവയ്ക്കാൻ ബിസിനസ് രേഖകളിൽ തിരിമറി നടത്തിയെന്ന കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കഴിഞ്ഞവർഷം മേയിൽ കോടതി വിധിച്ചിരുന്നു.