ജനപ്രതിനിധിസഭയിൽ ആറ് ഇന്ത്യൻ വംശജർ
Sunday, January 5, 2025 12:04 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭാംഗങ്ങളും സെനറ്റർമാരും വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇരു സഭകളിലും ഭൂരിപക്ഷമുണ്ട്. 434 അംഗ ജനപ്രതിനിധിസഭയിൽ 219ഉം നൂറംഗ സെനറ്റിൽ 52ഉം റിപ്പബ്ലിക്കന്മാരാണ്.
ജനപ്രതിനിധിസഭയിലെ ഇന്ത്യൻ വംശജരുടെ പ്രാതിനിധ്യം ഇക്കുറി റിക്കാർഡാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി അമി ബേര, സുഹാസ് സുബ്രഹ്മണ്യൻ, ശ്രീ തനേദാർ, റോ ഖന്ന, രാജ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ എന്നിങ്ങനെ ആറ് ഇന്ത്യൻ വംശജരാണ് സത്യപ്രതിജ്ഞ ചെയ്തത്. ആറു പേരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ്.
തുടർച്ചയായി ഏഴാം വട്ടം കോൺഗ്രസിലേക്കു ജയിക്കുന്ന അമി ബേരയാണ് ഏറ്റവും മുതിർന്ന അംഗം; സുഹാസ് സുബ്രഹ്മണ്യൻ ഏറ്റവും പുതിയ അംഗവും.
ഇന്ത്യൻ വംശജരായ പ്രതിനിധികളെ ‘സമൂസ കോക്കസ്’ എന്നും വിളിക്കാറുണ്ട്.