ദക്ഷിണകൊറിയയിൽ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ പോലീസ്; തടഞ്ഞ് പട്ടാളം
Saturday, January 4, 2025 1:25 AM IST
സീയൂൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ചതിന് അന്വേഷണം നേരിടുന്ന പ്രസിഡന്റ് യൂൺ സുക് യോളിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ ശ്രമം, പ്രസിഡന്റിന്റെ സുരക്ഷാചുമതലയുള്ള മിലിട്ടറി ഗാർഡുമാർ തടഞ്ഞതു നാടകീയ സംഘർഷങ്ങൾക്കിടയാക്കി. ആയുധമേന്തിയ പട്ടാളക്കാരാലും യൂണിന്റെ അനുയായികളാലും വളയപ്പെട്ട പോലീസ് ആറു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പിൻവാങ്ങി.
ഡിസംബർ 14ന് പാർലമെന്റിൽ ഇംപീച്ച് ചെയ്യപ്പെട്ട യൂണിനെതിരേ അഴിമതിവിരുദ്ധ ഓഫീസും(സിഐഒ) പോലീസും ചുമത്തിയ രാജ്യദ്രോഹക്കേസിൽ ചൊവ്വാഴ്ചയാണു സീയൂൾ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സിഐഒയുടെ നേതൃത്വത്തിൽ പോലീസ് അടക്കം 150ഓളം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാനായി ഇന്നലെ രാവിലെ ഏഴിനു സീയൂളിലെ യൂണിന്റെ വസതിയിലെത്തി.
എന്നാൽ, പ്രസിഡന്റിന്റെ സുരക്ഷാച്ചുമതലയുള്ള പ്രസിഡൻഷൽ സെക്യൂരിറ്റി സർവീസ് (പിഎസ്എസ്) ഉദ്യോഗസ്ഥരും ഇവരെ സഹായിക്കുന്ന പട്ടാളക്കാരും അന്വേഷണസംഘത്തെ തടഞ്ഞു. വസതിക്കു മുന്നിൽ തന്പടിച്ചിരുന്ന യൂണിന്റെ അനുയായികളും അന്വേഷണ ഉദ്യോഗസ്ഥരെ വളഞ്ഞു. പട്ടാളക്കാരും പോലീസും തമ്മിൽ കശപിശയുണ്ടായി.
ഇംപീച്ച് ചെയ്യപ്പെട്ടശേഷം പുറത്തിറങ്ങാത്ത യൂണിനെ ഇതിനിടെയെങ്ങും കണ്ടില്ല. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അറസ്റ്റ് നീക്കം ഉപേക്ഷിച്ചതായി അന്വേഷണസംഘം ഒന്നരയ്ക്ക് അറിയിച്ചു. യൂണിന്റെ അനുയായികൾ വലിയതോതിൽ ആഹ്ലാദപ്രകടനം നടത്തി.
ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിനു പിഎസ്എസ് തലവന്മാർക്കെതിരേ പോലീസ് കേസെടുത്തുവെന്നും ചോദ്യംചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കിയെന്നും കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റിന്റെ വസതിയിൽ അതിക്രമിച്ചുകയറിയതിന് പോലീസും അന്വേഷണ ഉദ്യോഗസ്ഥരും സമാധാനം പറയേണ്ടിവരുമെന്ന് പിഎസ്എസ് പ്രതികരിച്ചു.
യൂണിനെ അറസ്റ്റ് ചെയ്യാനുള്ള വാറന്റിന്റെ കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും അറസ്റ്റിനു ശ്രമം നടത്തിയേക്കാം.