തായ്വാന് ആയുധം നൽകുന്നതിൽ പ്രതിഷേധം; 45 യുഎസ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ചൈന
Friday, January 3, 2025 12:37 AM IST
ബെയ്ജിംഗ്: തായ്വാന് ആയുധങ്ങൾ നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് 45 അമേരിക്കൻ പ്രതിരോധ വ്യവസായ സ്ഥാപനങ്ങൾക്കു പിഴ ചുമത്തി ചൈനയുടെ മറുപടി.
പിഴ ചുമത്തപ്പെട്ട കന്പനികളിൽ പ്രതിരോധ വ്യവസായ മേഖലയിലെ പ്രമുഖരായ ലോക്ക്ഹീദ് മാർട്ടിൻ, ബോയിംഗ് ഡിഫൻസ്, റെയ്തിയോൻ, ജനറൽ ഡൈനമിക്സ് എന്നിവയുൾപ്പെടുന്നു.
ഈ കന്പനികളുടെ എല്ലാവിധ ഇറക്കുമതി-കയറ്റുമതി പ്രവർത്തനങ്ങളും നിരോധിച്ചതായും ഈ സ്ഥാപനങ്ങളുടെ മേലുദ്യോഗസ്ഥർക്ക് രാജ്യത്തു പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായും ഇനി ഇവരുടെ നിക്ഷേപം അനുവദിക്കില്ലെന്നും ചൈനീസ് വാണിജ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ച മുന്പ് പത്ത് യുഎസ് കന്പനികൾക്ക് ചൈന ഉപരോധമേർപ്പെടുത്തിയിരുന്നു.
തായ്വാൻ തങ്ങളുടേതാണെന്നും ഒരുനാൾ രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെടുമെന്നും പുതുവത്സര ദിന സന്ദേശത്തിലും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ആവർത്തിച്ചിരുന്നു. എന്നാൽ തങ്ങളുടേത് സ്വതന്ത്ര ജനാധിപത്യ രാജ്യമാണെന്നും ചൈനയുടെ ഭീഷണി വേണ്ടെന്നുമാണ് തായ്വാന്റെ നിലപാട്.
അമേരിക്കയെ സംബന്ധിച്ചിടത്തോളം തായ്വാൻ ഏഷ്യയിലെ തന്ത്രപരമായ സഖ്യകക്ഷിയാണ്. ഈ ദ്വീപുരാജ്യത്തിന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരും അമേരിക്കയാണ്. കമ്മ്യൂണിസത്തിനുമേൽ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് അമേരിക്കയുടെ തത്വാധിഷ്ഠിതമായ നിലപാടാണ്.
തായ്വാനെ പ്രതിരോധിക്കുന്നതിലുള്ള പ്രതിബദ്ധത വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒരു മാസം മുമ്പ് തായ്വാന് 571 ദശലക്ഷം ഡോളറിന്റെ പ്രതിരോധ സഹായം പ്രഖ്യാപിച്ചിരുന്നു. ചൈനീസ് ഉത്പന്നങ്ങൾക്ക് നികുതി കൂട്ടുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അമേരിക്ക-ചൈന വ്യാപാരയുദ്ധം മുറുകുമെന്ന് ഉറപ്പാണ്.