ദക്ഷിണ കൊറിയയിൽ യാത്രാവിമാനം തകർന്ന് 179 മരണം
Monday, December 30, 2024 1:10 AM IST
സിയൂൾ: ദക്ഷിണകൊറിയയിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽനിന്നു തെന്നിമാറി കോൺക്രീറ്റ് മതിലിൽ ഇടിച്ചു കത്തി 179 പേർ മരിച്ചു. ആറു ജീവനക്കാരടക്കം 181 യാത്രക്കാരിൽ രണ്ടു പേർ മാത്രമാണു രക്ഷപ്പെട്ടത്. സിയൂളിന് 290 കിലോമീറ്റർ അകലെ മുവാൻ നഗരത്തിലായിരുന്നു അപകടം. ബാങ്കോക്കിൽനിന്നെത്തിയ ജെജു എയർ വിമാനം ഇന്നലെ രാവിലെ ഒന്പതിനാണ് അപകടത്തിൽപ്പെട്ടത്.
മരിച്ചവരിൽ 85 സ്ത്രീകളും 84 പുരുഷന്മാരും ഉൾപ്പെടുന്നു. മരിച്ച പത്തു പേരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റ രണ്ടു പേർ വിമാന ജീവനക്കാരാണ്. ഇവർ അപകടനില തരണം ചെയ്തുവെന്നാണു റിപ്പോർട്ട്. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേരും ദക്ഷിണ കൊറിയക്കാരാണ്. രണ്ടു തായ്ലാൻഡ് പൗരന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു. 32 ഫയർ ട്രക്കുകളും അനവധി ഹെലികോപ്റ്ററുകളും തീ അണയ്ക്കാനെത്തി.
റൺവേയിൽ നിയന്ത്രണം വിട്ട വിമാനം അതിവേഗത്തിൽ വിമാനത്താവളത്തിന്റെ അതിരിലുള്ള കോൺക്രീറ്റ് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഉടൻ സ്ഫോടനവും വൻ തീപിടിത്തവുമുണ്ടായി. വിമാനം പൂർണമായും കത്തിനശിച്ചു. അപകടസമയം വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ പ്രവർത്തിച്ചിരുന്നില്ല. ലാൻഡിംഗിനിടെ പക്ഷി വന്നിടിച്ചതാകാം ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാത്തതിനു കാരണമെന്നാണു നിഗമനം. പക്ഷിയിടിച്ചാണോ അപകടമുണ്ടായതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് മുവാൻ ഫയർ സ്റ്റേഷൻ ചീഫ് ലീ ജിയോംഗ്-ഹ്യൂൻ പറഞ്ഞു.
പക്ഷി ഇടിക്കാൻ സാധ്യതയുണ്ടെന്ന് എയർപോർട്ട് കൺട്രോൾ ടവർ മുന്നറിയിപ്പ് നല്കിയിരുന്നു. അപകടത്തെത്തുടർന്ന് മുവാൻ വിമാനത്താവളം ജനുവരി ഒന്നുവരെ അടച്ചിടും.
മുവാൻ അപകടം ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നാണ്. 1997ൽ ഗുവാമിൽ കൊറിയൻ എയർലൈൻ വിമാനം തകർന്നുവീണ് 228 പേർ മരിച്ചിരുന്നു. 2013ൽ ഏഷ്യാന എയർലൈൻസ് വിമാനം സാൻ ഫ്രാൻസിസ്കോയിൽ തകർന്നുവീണ് ഇരുനൂറോളം പേർ മരിച്ചു.