ബാൾഡ് ഈഗിൾ യുഎസ് ദേശീയ പക്ഷി
Friday, December 27, 2024 1:47 AM IST
വാഷിംഗ്ടൺ ഡിസി: രണ്ടര നൂറ്റാണ്ടായി അമേരിക്കൻ ദേശീയമുദ്രയെ അലങ്കരിക്കുന്ന വെള്ളത്തലയൻ പരുന്തിന് (ബാൾഡ് ഈഗിൾ) ഒടുക്കം ദേശീയപക്ഷിയെന്ന ബഹുമതി ഔദ്യോഗികമായി ലഭിച്ചു. ഇതു സംബന്ധിച്ച ബിൽ കഴിഞ്ഞയാഴ്ച കോൺഗ്രസ് പാസാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിൽ പ്രസിഡന്റ് ബൈഡൻ ബില്ലിൽ ഒപ്പുവച്ചു.
1982 മുതൽ അമേരിക്കയുടെ ദേശീയമുദ്രയിൽ പരുന്തുണ്ട്. ദേശീയ പക്ഷിയായിട്ടാണ് എല്ലാവരും പരിഗണിച്ചിരുന്നതെങ്കിലും നിയമത്തിലൊന്നും ഇതേക്കുറിച്ചു വ്യക്തത ഇല്ലായിരുന്നു. അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരിലൊരാളായ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ വെള്ളത്തലയൻ പരുന്തിനെ ദേശീയ പക്ഷിയാക്കുന്നതിനെ എതിർത്തിരുന്നതായും പറയുന്നു.
ഏഴു കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ഈ പക്ഷി ചിറകു വിരിച്ചാൽ രണ്ടു മീറ്ററിലേറെ വീതിയുണ്ടാകും. വംശനാശ ഭീഷണി നേരിടുന്ന പക്ഷിയുടെ എണ്ണത്തിൽ അടുത്തകാലത്തു വർധന ഉണ്ടായിട്ടുണ്ട്.