കസാക്കിസ്ഥാൻ വിമാനാപകടം; ദിവസങ്ങൾക്കുശേഷം ക്ഷമാപണവുമായി പുടിൻ
Sunday, December 29, 2024 12:03 AM IST
മോസ്കോ: മുപ്പത്തിയേട്ടുപേരുടെ മരണത്തിനിടയാക്കിയ കസാക്കിസ്ഥാൻ വിമാനാപകടം നടന്ന് നാലു ദിവസങ്ങൾക്കുശേഷം ക്ഷമാപണവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. അപകടത്തെ ദാരുണസംഭവമെന്നു വിശേഷിപ്പിച്ച റഷ്യൻ പ്രസിഡന്റ് സംഭവത്തിൽ ക്ഷമ ചോദിക്കുകയാണെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനോടു പറയുകയുമായിരുന്നു.
റഷ്യൻ വ്യോമാതിർത്തിയിൽ സംഭവിച്ച ദാരുണമായ സംഭവത്തിനു പുടിൻ മാപ്പ് പറയുകയും മരിച്ചവരുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തുവെന്ന് റഷ്യൻ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കട്ടേയെന്നും പുടിൻ ആശംസിച്ചതായി പ്രസ്താവന തുടരുന്നു.
ക്രിസ്മസ് ദിനത്തിൽ അസർബൈജാനിൽനിന്ന് തെക്കൻ റഷ്യയിലേക്കു പുറപ്പെട്ട അസർബൈജാൻ എയർലൈൻസിന്റ യാത്രാവിമാനം ദുരൂഹസാഹചര്യത്തിൽ കസാക്കിസ്ഥാനിൽ തകർന്ന് 38 പേരാണു മരിച്ചത്. വിമാനത്തിൽ 67 പേരാണുണ്ടായിരുന്നത്. 29 പേർ രക്ഷപ്പെട്ടു.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽനിന്നു റഷ്യയിലെ ചെചൻ നഗരമായ ഗ്രോസ്നിയിലേക്കു പറന്ന വിമാനം നിശ്ചിത പാതയിൽനിന്ന് വ്യതിചലിച്ച് വിമാനം കസാക്കിസ്ഥാനിലെ അക്താവുവിൽ അടിയന്തരമായി നിലത്തിറക്കാൻ ശ്രമിക്കവേ തീപിടിച്ചു തകരുകയായിരുന്നു.
യുക്രെയ്നിന്റെ ഡ്രോൺ ആക്രമണം മൂലം റഷ്യയിലെ ഗ്രോസ്നിക്ക് സമീപം വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവയ്പ് നടത്തിയിരുന്നുവെന്ന് റഷ്യ സമ്മതിച്ചിരുന്നു. ഇതിലൊന്ന് വിമാനത്തിൽ ഇടിച്ചുവെന്നാണ് അഭ്യൂഹം. അപകടത്തിനു കാരണം പുറത്തുനിന്നുള്ള ആയുധമാണെന്നു വെള്ളിയാഴ്ച ഒരു യുഎസ് ഉദ്യോഗസ്ഥനും അസർബൈജാനിലെ മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.
ദിവസങ്ങളുടെ മൗനത്തിനുശേഷമാണ് റഷ്യൻ പ്രസിഡന്റ് സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്തുന്നത്.
യുക്രേനിയൻ ഡ്രോണാണെന്നു തെറ്റിദ്ധരിച്ച് റഷ്യൻ സേന വെടിവച്ചിട്ടു
അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നത് റഷ്യയുടെ മിസൈലേറ്റാണെന്നും യുക്രേനിയൻ ലോംഗ് റേഞ്ച് അറ്റാക്ക് ഡ്രോൺ ആണെന്നു തെറ്റിദ്ധരിച്ചാണ് റഷ്യൻ വ്യോമപ്രതിരോധ വിഭാഗം വിമാനത്തിനുനേരേ മിസൈൽ അയച്ചതെന്നും അമേരിക്ക.
അപകടസ്ഥലത്തുനിന്ന് ഇന്നലെ കണ്ടെത്തിയ രണ്ടാമത്തെ ബ്ലാക്ക് ബോക്സിൽനിന്ന് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചതായും അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.