പാക് വ്യോമാക്രമണം ; തിരിച്ചടിച്ചുവെന്ന് അഫ്ഗാൻ
Sunday, December 29, 2024 12:03 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയതായി അഫ്ഗാൻ പ്രതിരോധ വകുപ്പ്. കഴിഞ്ഞ ചൊവ്വാഴ്ച പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. പാക്കിസ്ഥാനിലെ മരണസംഖ്യ, പ്രത്യാക്രമണം നടത്തിയ രീതി എന്നിവയെ സംന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രതിരോധ വകുപ്പ് വക്താവ് ഇനയത്തുള്ള ഖ്വർസമി തയാറായില്ല.
അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ തടയാൻ താലിബാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണം പാക്കിസ്ഥാൻ നേരത്തേ ഉന്നയിച്ചിരുന്നു. എന്നാൽ, അഫ്ഗാനിസ്ഥാന്റെ മണ്ണിൽനിന്നുകൊണ്ടു മറ്റൊരു രാജ്യത്തെയും ആക്രമിക്കാൻ തങ്ങൾ ആരെയും അനുവദിക്കാറില്ല എന്നാണു താലിബാന്റെ വാദം.