ഇസ്രേലി ആക്രമണം; ഗാസയിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
Friday, December 27, 2024 1:47 AM IST
കയ്റോ: ഇസ്രേലി സേന ഇന്നലെ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ അഞ്ചു മാധ്യമപ്രവർത്തകർ അടക്കം 21 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
സെൻട്രൽ ഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാന്പിൽ സ്ഥിതി ചെയ്യുന്ന അൽ അവ്ദ ആശുപത്രിക്കു മുന്നിലാണു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. അൽ ഖുദ്സ് റ്റുഡേ എന്ന പലസ്തീൻ ചാനലിന്റെ സംപ്രേഷണ വാഹനത്തിലായിരുന്ന ഇവർ വ്യോമാക്രമണത്തിനിരയാവുകയായിരുന്നു.
ആക്രമണത്തിൽ തകർന്ന വാഹനത്തിന്റെ വീഡിയോ ദൃശ്യം പുറത്തു വന്നു. അതേസമയം, ഇസ്ലാമിക് ജിഹാദ് തീവ്രവാദികളുടെ വാഹനം ലക്ഷ്യമിട്ട് കൃത്യതയോടെയുള്ള ആക്രമണമാണു നടത്തിയതെന്ന് ഇസ്രേലി സേന അറിയിച്ചു.
മാധ്യമപ്രവർത്തനം നിർവഹിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണം കൂട്ടക്കൊലയാണെന്ന് ചാനൽ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. 2023 ഒക്ടോബർ മുതൽ 190നു മുകളിൽ മാധ്യമപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടുവെന്നു പലസ്തീൻ ജേർണലിസ്റ്റ്സ് യൂണിയൻ പറഞ്ഞു.
ഇന്നലെ സെൻട്രൽ ഗാസയിലെ ഗാസ സിറ്റിയിലുണ്ടായ മറ്റു രണ്ട് ആക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെടുകയും 41 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ, വെടിനിർത്തൽ സാധ്യമാകാത്തതിൽ ഇസ്രയേലും ഹമാസും പരസ്പരം കുറ്റപ്പെടുത്തി.
ഇസ്രയേൽ കൂടുതൽ വ്യവസ്ഥകൾ മുന്നോട്ടു വച്ച് വെടിനിർത്തലിനു സമ്മതിക്കുന്നില്ലെന്ന് ഹമാസ് പറഞ്ഞു. ഹമാസ് ഭീകരർ നുണ പറയുകയാണെന്നും ഉണ്ടാക്കിയ ധാരണകളിൽനിന്ന് അവർ പിന്നോട്ടു പോകുന്നതാണ് വെടിനിർത്തൽ വൈകിക്കുന്നതെന്നും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മറുപടി നല്കി.