മഹാജൂബിലി ആഘോഷത്തിനു തിരി തെളിഞ്ഞു
Wednesday, December 25, 2024 4:39 AM IST
വത്തിക്കാൻ: ലോകം മുഴുവൻ മഹാജൂബിലിയുടെ ആഘോഷത്തിനു തിരിതെളിഞ്ഞു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കപ്പെടുന്ന വിശുദ്ധവാതിൽ ഫ്രാൻസിസ് മാർപാപ്പ തുറന്നതോടെയാണിത്. തുടർന്നു പിറവിത്തിരുനാൾ തിരുക്കർമങ്ങൾക്ക് മാർപാപ്പയുടെ പള്ളി സാക്ഷ്യം വഹിച്ചു. നാളെ റോമിലെ റെബീബിയയിലുള്ള ജയിൽ മാർപാപ്പ സന്ദർശിച്ചു അവിടെ പ്രഖ്യാപിച്ച വിശുദ്ധവാതിൽ തുറക്കുന്നുണ്ട്.
“പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന ആപ്തവാക്യമാണ് ഈ വർഷത്തെ ജൂബിലിക്കായി വത്തിക്കാൻ തെരഞ്ഞെടുത്തത്.
29 നു വൈകുന്നേരം ജോൺ ലാറ്ററൻ ബസിലിക്കയിലും, ദൈവമാതാവിന്റെ തിരുനാളായ ജനുവരി ഒന്നിന് രാവിലെ മേരി മേജർ ബസിലിക്കയിലും ജനുവരി അഞ്ചിനു വൈകിട്ട് സെന്റ് പോൾസ് ബസിലിക്കയിലും വിശുദ്ധ വാതിലുകൾ തുറക്കപ്പെടും. ഇതോടെ ലോകമെമ്പാടും തെരഞ്ഞെടുക്കപ്പെട്ട ദൈവാലയങ്ങളിലെ പ്രത്യേക വാതിലുകളും വിശ്വാസീസമൂഹത്തിനു തീർഥാടനത്തിനായി തുറക്കപ്പെടും.
ഡിസംബർ രണ്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ശുശ്രൂഷകരുടെ സാന്നിധ്യത്തിലാണ് വിശുദ്ധ വാതിലിന്റെ താക്കോലും ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുശേഷിപ്പുകളും ഉൾപ്പെടെ പുറത്തെടുത്തത്. സ്ഥിരം സന്ദർശകർക്കു പുറമെ, ഏകദേശം മൂന്നരക്കോടി ജൂബിലി തീർഥാടകരെയാണ് റോം ഇത്തവണ പ്രതീക്ഷിക്കുന്നത്.