റഷ്യക്കുവേണ്ടി യുദ്ധത്തിനിറങ്ങിയ ഉത്തരകൊറിയൻ സേനയ്ക്ക് കനത്ത ആൾനാശം
Sunday, December 29, 2024 12:03 AM IST
കീവ്: റഷ്യക്കുവേണ്ടി കുർസ്ക് മേഖലയില്‍ യുദ്ധം ചെയ്യുന്ന ഉത്തരകൊറിയൻ സൈന്യത്തിന് കനത്ത ആള്നാശമുണ്ടാകുന്നതായി റിപ്പോര്‍ട്ട്.
മൂന്നാഴ്ചയ്ക്കിടെ 3000 ഉത്തരകൊറിയൻ സൈനികരെങ്കിലും കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വെളിപ്പെടുത്തി. അവശേഷിക്കുന്ന ഉത്തരകൊറിയൻ സൈനികർ കുടിവെള്ളവും മതിയായ ഭക്ഷണവുമില്ലാതെ നരകയാതന അനുഭവിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
യുക്രെയ്ൻ സൈന്യത്തിനുമുന്നിൽ കീഴടങ്ങുന്നവരും നിരവധിയാണ്. ചില സൈനികർ കീഴടങ്ങാതെ സ്വയം വെടിവച്ച് മരിക്കുകയാണെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നോവോയിവനോവ്ക മേഖലയിലുണ്ടായ ശക്തമായ ആക്രമണത്തിലാണ് നിരവധി ഉത്തരകൊറിയൻ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് യുക്രേനിയർ രഹസ്യാന്വേഷണ ഏജന്‍സിയായ ജി.യു.ആര് അറിയിച്ചു. മൂന്നു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ 12,000 ത്തോളം സൈനികരെയാണ് ഉത്തര കൊറിയ വിന്യസിച്ചിട്ടുള്ളത്.