അസാദ് അനുകൂലികൾ പത്തു പേരെ വധിച്ചു
Friday, December 27, 2024 1:47 AM IST
ഡമാസ്കസ്: സിറിയയിൽ പുറത്താക്കപ്പെട്ട അസാദ് ഭരണകൂടത്തോട് വിശ്വസ്തത പുലർത്തുന്നവർ നടത്തിയ ആക്രമണത്തിൽ പത്തു സൈനികർ കൊല്ലപ്പെട്ടു. അസാദ് ഉൾപ്പെടുന്ന അലാവി സമുദായത്തിന്റെ ശക്തികേന്ദ്രമായ ടാർടൗസ് തുറമുഖത്തായിരുന്നു സംഭവം.
അസാദ് ഭരണകൂടത്തിൽ കുപ്രസിദ്ധ തടവറകളുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാനെത്തിയ സൈനികരാണ് ആക്രമിക്കപ്പെട്ടത്. ആയുധധാരികളായ മറ്റ് മൂന്നു പേർകൂടി മരിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു.
എച്ച്ടിഎസ് സംഘടന നേതൃത്വം നല്കുന്ന വിമതർ രണ്ടാഴ്ച മുന്പാണ് സിറിയയിലെ ഭരണം പിടിച്ചെടുത്തത്. പ്രസിഡന്റ് അസാദ് കുടുംബസമേതം റഷ്യയിലേക്കു രക്ഷപ്പെട്ടു.