കൊറിയയിൽ ആക്ടിംഗ് പ്രസിഡന്റിന് എതിരേ ഇംപീച്ച്മെന്റ് പ്രമേയം
Friday, December 27, 2024 1:47 AM IST
സീയൂൾ: ദക്ഷിണകൊറിയയിൽ ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡുക് സൂവിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി പാർലമെന്റിൽ അവതരിപ്പിച്ചു. ഇന്നു വോട്ടെടുപ്പ് ഉണ്ടായേക്കും.
ഭരണഘടനാ കോടതിയിലെ മൂന്ന് ഒഴിവുകളിലേക്കു ശിപാർശ ചെയ്യപ്പെട്ട മൂന്നു ജഡ്ജിമാരുടെ നിയമനം ഹാൻ അംഗീകരിക്കാൻ വൈകുന്നതാണു പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
പട്ടാളനിയമം പ്രഖ്യാപിച്ച പ്രസിഡന്റ് യൂൺ സുക് യോൾ പാർലമെന്റിൽ ഇംപീച്ച് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് പ്രധാനമന്ത്രിയായ ഹാനിന് ആക്ടിംഗ് പ്രസിഡന്റിന്റെ ചുമതല ലഭിച്ചത്.
യൂണിന്റെ ഇംപീച്ച്മെന്റ് അംഗീകരിക്കണോ വേണ്ടയോ എന്നതിൽ ഭരണഘടനാ കോടതിയിൽ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഒന്‍പതംഗ ബെഞ്ചിൽ ആറു ജഡ്ജിമാരെങ്കിലും പിന്തുണച്ചാലേ ഇംപീച്ച്മെന്റിന് അംഗീകാരം ലഭിക്കൂ.
ഈ സാഹചര്യത്തിലാണ് അടുത്ത ദിവസങ്ങളിൽ പാർലമെന്റ് അംഗീകരിച്ച മൂന്നു ജഡ്ജിമാരെ നിയമിക്കാൻ ആക്ടിംഗ് പ്രസിഡന്റ് തയാറാകണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
പാർലമെന്റിൽ പ്രതിപക്ഷത്തിനു ഭൂരിപക്ഷമുണ്ടെങ്കിലും ആക്ടിംഗ് പ്രസിഡന്റിനെതിരേയുള്ള ഇംപീച്ച്മെന്റിന്റെ കാര്യത്തിൽ നിയമവിദഗ്ധർക്ക് അഭിപ്രായവ്യത്യാസമുണ്ട്. കേവല ഭൂരിപക്ഷമാണോ, മൂന്നിൽ രണ്ടു ഭൂരിപക്ഷമാണോ ഇതിനു വേണ്ടത് എന്നതിൽ വ്യക്തതയില്ല. ഹാൻ ഇംപീച്ച് ചെയ്യപ്പെട്ടാൽ ധനമന്ത്രിക്ക് ആക്ടിംഗ് പ്രസിഡന്റിന്റെ ചുമതല ലഭിക്കും.