തുർക്കിയിലെ ആയുധനിർമാണശാലയിൽ സ്ഫോടനം: 12 പേർ കൊല്ലപ്പെട്ടു
Wednesday, December 25, 2024 4:39 AM IST
ഇസ്താംബുൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ആയുധനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ബാളികെസിയർ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിർമാണ കേന്ദ്രത്തിലായിരുന്നു അപകടമുണ്ടായതെന്നു രാജ്യത്തെ സർക്കാർ വാർത്താ ഏജൻസിയായ അനഡോളു റിപ്പോർട്ട് ചെയ്തു.
ഈ കെട്ടിടം പൂർണമായും തകർന്നെന്നും ചുറ്റുപാടുമുള്ള കെട്ടിടങ്ങൾക്ക് നിസാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ബാളികെസിയർ ഗവർണർ ഇസ്മായിൽ ഉസ്തവ്ദു അറിയിച്ചു. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണു വിവരം.