സിറിയയിൽ ക്രിസ്മസ് ട്രീ കത്തിച്ചു; പ്രതിഷേധത്തീ പടരുന്നു
Wednesday, December 25, 2024 4:39 AM IST
ഡമാസ്ക്കസ്: സിറിയയിൽ ക്രിസ്മസ് ട്രീ കത്തിച്ചതിനെത്തുടർന്ന് പ്രതിഷേധം. മധ്യസിറിയയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ നഗരമായ സുഖൈലബിയയിലായിരുന്നു സംഭവം.
മുഖംമൂടിധരിച്ച അക്രമികൾ ക്രിസ്മസ് ട്രീ കത്തിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. അക്രമികളെ പിടികൂടിയതായി ബാഷർ അൽ അസാദ് ഭരണകൂടത്തെ അട്ടിമറിച്ച വിമതസേനയായ ഹയാത് തഹ്രീർ അൽ-ഷാം (എച്ച്ടിഎസ്) പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്നും എച്ച്ടിഎസ് ഉറപ്പു നൽകിയിട്ടുണ്ട്. ക്രിസ്മസിന്റെ തലേരാത്രി മുഖംമൂടിധരിച്ച രണ്ടു പേർ ക്രിസ്മസ് മരത്തിനു തീയിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നു. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.