എഴുത്തുകാരി ബാപ്സി സിദ്ധ്വ അന്തരിച്ചു
Friday, December 27, 2024 1:47 AM IST
ഹൂസ്റ്റൺ: വിഭജനത്തിന്റെ കഥ പറയുന്ന ഐസ് കാൻഡി മാൻ എന്ന നോവലിലൂടെ പ്രശസ്തയായ പ്രമുഖ പാക്കിസ്ഥാനി എഴുത്തുകാരി ബാപ്സി സിദ്ധ്വ (86) അന്തരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.
കറാച്ചിയിൽ പ്രമുഖ പാഴ്സി കുടുംബത്തിൽ 1938 ഓഗസ്റ്റ് 11നാണു ജനനം. ബാല്യത്തിൽ ലാഹോറിലേക്കു കുടുംബം മാറിയതോടെ കൂടുതൽ കാലം ഇവിടെയാണ് ബാപ്സി ചെലവഴിച്ചത്.
പാക്കിസ്ഥാനിലെ ഏറ്റവും സ്വാധീനമുള്ള എഴുത്തുകാരിലൊരാളായാണ് ബാപ്സി അടയാളപ്പെടുന്നത്. ദക്ഷിണേഷ്യയുടെ സാംസ്കാരവും ചരിത്രവും പറയുന്നതായിരുന്നു ബാപ്സിയുടെ നോവലുകൾ. പാഴ്സി ജീവിതവും ചരിത്രവും വരച്ചിടുന്ന ആദ്യ നോവലായ ‘ക്രോ ഈറ്റേഴ്സ്’ ബാപ്സിക്ക് വലിയ അംഗീകാരമാണ് നേടിക്കൊടുത്തത്.
ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിന്റെ കഥ പറയുന്ന നോവലായിരുന്നു ഐസ് കാൻഡി മാൻ. പോളിയോ ബാധിതയായ പാഴ്സി പെൺകുട്ടിയുടെ തീവ്ര ജീവിതാനുഭവങ്ങളിലൂടെ വിഭജനത്തിന്റെ കഥയാണു നോവൽ പറയുന്നത്. രണ്ടാം വയസിൽ പോളിയോ ബോധിച്ച ബാപ്സി തന്നെയായിരുന്നു നോവലിലെ പെൺകുട്ടിയും.
ഈ നോവൽ ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ ‘കിനാവും കണ്ണീരും’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ബിബിസിയുടെ സ്വാധീനം ചെലുത്തിയ 100 നോവലുകളുടെ പട്ടികയില്‍ ഐസ് കാന്‍ഡി മാന്‍ ഇടംപിടിച്ചിട്ടുണ്ട്. ദീപാ മേത്ത ഇത് ‘എര്‍ത്ത്’ എന്ന പേരില്‍ സിനിമയാക്കി. ആന്‍ അമേരിക്കന്‍ ബ്രാത്, ദി പാക്കിസ്ഥാനി ബ്രൈഡ്, വാട്ടര്‍ തുടങ്ങിയവ മറ്റു കൃതികളാണ്.