100-ാം വിക്ഷേപണനിറവിൽ ശ്രീഹരിക്കോട്ട
Wednesday, January 29, 2025 3:41 AM IST
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങൾ പറന്നുയർന്ന സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നുള്ള നൂറാം വിക്ഷേപണം ഇന്നു നടക്കും.
ദിശാനിർണയ ഉപഗ്രഹം എൻഎസ്വി-02ന്റെ വിക്ഷേപണത്തിനുള്ള 27 മണിക്കൂർ കൗണ്ട്ഡൗണ്‍ തുടങ്ങി. ജിഎസ്എൽവി-എഫ്-15 ആണ് വിക്ഷേപണ വാഹനം. ജിഎസ്എൽവിയുടെ 17-ാം വിക്ഷേപണം ഇന്നു രാവിലെ 6.23ന് നടത്താനാണ് പദ്ധതി.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽനിന്നുള്ള നൂറാം വിക്ഷേപണം. ഇസ്രോ ചെയർമാനായി വി. നാരായണൻ ചുമതലയേറ്റതിനുശേഷം ആദ്യമായി നടക്കുന്ന വിക്ഷേപണമാണ്. പതിവുപോലെ വിക്ഷേപണത്തലേന്ന് ഇസ്രോ ചെയർമാൻ തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി.
ശ്രീഹരിക്കോട്ടയിൽ പുതുതലമുറ വിക്ഷേപണവാഹനത്തിനുള്ള ലോഞ്ച് പാഡ് നിർമിക്കുന്നതിന് അനുമതി നൽകിയ കേന്ദ്രസർക്കാരിന് ഇസ്രോ ചെയർമാൻ നന്ദി അറിയിച്ചു.
ശ്രീഹരിക്കോട്ടയിൽ എസ്എൽവി ലോഞ്ച് പാഡാണ് ആദ്യം നിർമിച്ചത്. 1979 മുതൽ 1994 വരെ എസ്എൽവി ലോഞ്ച് പാഡിൽനിന്ന് എട്ട് റോക്കറ്റുകൾ വിക്ഷേപിച്ചു.
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) റോക്കറ്റ് വിക്ഷേപണത്തിനുവേണ്ടിയാണ് ശ്രീഹരിക്കോട്ടയിൽ ആദ്യം ഒന്നാം ലോഞ്ച് പാഡ് നിർമിച്ചത്. 1993ൽ ഒന്നാം വിക്ഷേപണത്തറ സ്ഥാപിച്ചു. 2005ൽ രണ്ടാം വിക്ഷേപണത്തറ നിർമിച്ചു.
എസ്എൽവി-4, എസ്എൽഎൽവി-4, പിഎസ്എൽവി-62, ജിഎസ്എൽവി-16, എൽവിഎം 3 -7, എസ്എസ്എൽവി-3, ആർഎൽവി-ടിഡി 1, സ്ക്രാംജെറ്റ് എൻജിൻ-ടിഡി 1, ഗഗൻയാൻ പാഡ് അബോർട്ട് ടെസ്റ്റ് എന്നിവ ഉൾപ്പെടെ 99 വിക്ഷേപണങ്ങൾ ശ്രീഹരിക്കോട്ടയിൽനിന്ന് നടന്നു.