ചടങ്ങിൽ ആൾക്കൂട്ടം നൂറു കവിഞ്ഞാൽ ഫീസ് നിരക്ക് തദ്ദേശ സ്ഥാപനങ്ങൾക്കു തീരുമാനിക്കാം
Friday, October 13, 2023 1:59 AM IST
തിരുവനന്തപുരം : സംസ്ഥാനത്ത് നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്കു ഫീസ് ഏർപ്പെടുത്തി സർക്കാർ.
പൊതുപരിപാടികൾ, വിവാഹങ്ങൾ, യോഗങ്ങൾ എന്നിവ നടത്തണമെങ്കിൽ മാലിന്യസംസ്കരണത്തിനുള്ള ഫീസ് അടയ്ക്കണം. പരിപാടിക്കു മൂന്നു ദിവസം മുന്പു കാര്യവിവരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഫീസിന്റെ നിരക്കു തദ്ദേശ സ്ഥാപനങ്ങൾക്കു തീരുമാനിക്കാമെന്നു മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും നിയമം ബാധകമാണ്. പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കുള്ള പിഴത്തുകയും വർധിപ്പിച്ചു.
കർശന നിയമനടപടികൾ ഉറപ്പാക്കുന്ന നിയമഭേദഗതി ഗവർണറുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമമാകും.
നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിലെ മാലിന്യം തദ്ദേശഭരണ സ്ഥാപനം നിശ്ചയിക്കുന്ന ഫീസ് നൽകി ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസികൾക്കോ മാലിന്യം ശേഖരിക്കുന്നവർക്കോ കൈമാറാനാണ് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങൾക്ക് ഉചിതമെന്നു തോന്നുന്ന വിഭാഗങ്ങളെ യൂസർ ഫീയിൽനിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നതു പിടികൂടാൻ പൊതു ഇടങ്ങളിൽ കൂടുതൽ കാമറകൾ ഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും ചെറു മാലിന്യസംഭരണ കേന്ദ്രങ്ങൾ നവംബറിൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി രാജേഷ് പറഞ്ഞു.
പന്നിഫാമുകൾക്കു ഭക്ഷണാവശിഷ്ടങ്ങളും കോഴിമാലിന്യവും ശേഖരിക്കാൻ നിയമാനുസൃതം സംവിധാനമു ണ്ടാകും. എന്നാൽ, പന്നി ഫാമിന്റെ മറവിൽ മാലിന്യം വൻതോതിൽ സമാഹരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന പ്രവണതയ്ക്കെതിരേ കർശനനിയമനടപടി സ്വീകരിക്കും. യൂസർ ഫീ പിരിവ് അടുത്ത ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.