റോയ് മാത്യു കോർ എപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലി നാളെ
1454845
Saturday, September 21, 2024 3:04 AM IST
റാന്നി: മുളമൂട്ടിൽ റോയ് മാത്യു കോര്‍ എപ്പിസ്കോപ്പയുടെ വൈദിക ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം നാളെ രാവിലെ 9.30ന് റാന്നി സെന്റ് തോമസ് വലിയ പള്ളിയിൽ നടക്കും. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
മെറിറ്റ് അവാര്‍ഡുകളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിർവഹിക്കും. ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുറിയാക്കോസ് മാര്‍ സേവേറിയോസ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.
1974 സെപ്റ്റംബർ 22നു റാന്നി വലിയപള്ളിയിൽ ഏബ്രഹാം മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയാണ് പൗരോഹിത്യ പദവിയിലേക്ക് ഫാ. റോയ് മുളമൂട്ടിലിനെ ഉയർത്തിയത്. ക്നാനായ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായി അഞ്ചുവർഷം സേവനം ചെയ്തു. 1995-ൽ ഏബ്രഹാം മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത മിഷൻ ഡയറക്ടറായി നിയമിച്ചു. ക്നാനായ യുവജന സമാജം പ്രസിഡന്റായി മൂന്നുവർഷം സേവനം ചെയ്തു.
ക്നാനായ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് ഒന്‍പതു വർഷവും വനിതാ സമാജം പ്രസിഡന്റായി 11 വർഷവും റാന്നി ക്നാനായ കൺവൻഷൻ പ്രസിഡന്റായി 12 വർഷവും സേവനം ചെയ്തു. 2009-ൽ കോർ എപ്പിസ്കോപ്പ പട്ടത്തിലേക്ക് ഉയർത്തപ്പെട്ടു.നിലവിൽ ക്നാനായ സഭയുടെ മുഖ്യ മാസികയായ "ക്നാനായ ദീപം' ചീഫ് എഡിറ്ററാണ്.
റാന്നി മേഖല കെസിസി പ്രസിഡന്റ്, റാന്നി എക്യുമെനിക്കൽ പ്രസിഡന്റ്, റാന്നി സർവീസ് സൊസൈറ്റി പ്രസിഡന്റ്, നിലയ്ക്കൽ കമ്മിറ്റി അംഗം തുടങ്ങിയ പദവികളും വഹിച്ചുവരുന്നു. പരേതരായ എ.ഒ. മാത്യു-തങ്കമ്മ മാത്യു ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭന റോയി. മക്കള്‍: റോഷന് റോയി മാത്യു, റിയു കുര്യന് റോയി, രമ്യ മറിയം റോയി.