അറിയാം സ്നേഹിതയെ: ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി
1467587
Saturday, November 9, 2024 4:23 AM IST
പത്തനംതിട്ട: നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏതു സമയത്തും ആശ്രയിക്കാവുന്ന ഉത്തമ അഭയ സ്ഥാനമാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍ത്ത് ഡെസ്കെന്ന് നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്.
സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച കാമ്പയിന് "അറിയാം സ്നേഹിതയെ' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രോഗ്രാം മാനേജര്‍ പി. അനുപ അധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, സ്നേഹിത സര്‍വീസ് പ്രൊവൈഡര്‍മാരായ പി. സവിത, സൂര്യ വി. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് സൗജന്യ കൗണ്‍സിലിംഗ്, നിയമ പിന്തുണ, ബോധവത്കരണ ക്ലാസുകള്‍, അതിജീവന സഹായങ്ങള്‍, താത്കാലിക അഭയം, പുനരധിവാസ സേവനങ്ങള്‍ എന്നിവയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് മുഖേന ലഭ്യമാക്കുന്നത്.